എറണാകുളം, ഇടുക്കി ജില്ലകള്‍ വിഭജിച്ചു മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ലയും വിവിധ താലൂക്കുകളും വില്ലേജുകളും അനുവദിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു. പുതിയ ജില്ലയും റവന്യു കേന്ദ്രങ്ങളും തുടങ്ങുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഉടനെ ഉദ്യോഗസ്ഥതല കമ്മീഷനെ വയ്ക്കും. ആദ്യപടിയായി ഈയാവശ്യം രാഷ്ട്രീയമായിത്തന്നെ ഉയര്‍ത്തികൊണ്ടുവരാനാണ് യു.ഡി.എഫ്. ഉദ്ദേശിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ്. ഏകോപനസമിതി യോഗത്തില്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബുപോള്‍ കമ്മീഷന്റെതാണ് ഇതു സംബന്ധിച്ച് നിലവിലുള്ള ശുപാര്‍ശ. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളും കുന്നത്തുനാട് താലൂക്കിന്റെ ഭുരിഭാഗം പ്രദേശങ്ങളും ഇടുക്കി ജില്ലയിലെ തൊടുപുഴ, ദേവികുളം താലൂക്കിന്റെ നല്ലൊരുഭാഗവുമാണ് പുതിയതായി രൂപവത്കൃതമാകുന്ന ജില്ലയില്‍ ഉള്‍പ്പെടാന്‍ സാധ്യത. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ വെളിച്ചത്തില്‍ ഇടുക്കിയിലെ ഗണ്യമായ തമിഴ് സാന്നിധ്യം കണക്കിലെടുത്ത് മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങള്‍ പുതിയ ജില്ലയില്‍ ചേര്‍ക്കുന്ന കാര്യവും പരിഗണിച്ചുവരുന്നു.
എന്നാല്‍ പുതുതായി വയ്ക്കുന്ന കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും ജില്ലയില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. പിറവം ഉപതിരഞ്ഞെടുപ്പിലും ജില്ലാ രൂപവത്കരണം പ്രയോജനകരമാകുമെന്നാണ് യു.ഡി.എഫ്. നേതൃത്വം കരുതുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 200 ല്‍ പരം ജില്ലകള്‍ പുതുതായി രൂപവത്കൃതമായപ്പോള്‍ കേരളത്തില്‍ ഒന്നുപോലുമുണ്ടായില്ല.
82 ല്‍ രൂപവത്കരിച്ച പത്തനംതിട്ട ജില്ലയാണ് കേരളത്തില്‍ അവസാനമായുണ്ടായത്. മൂവാറ്റുപുഴ ജില്ലക്കായി ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. നിയമസഭയില്‍ അനൗദ്യോഗിക പ്രമേയം അവതരിപ്പിച്ചപ്പോള്‍ പുതിയ ജില്ല, താലൂക്ക്, വില്ലേജ് എന്നിവ രൂപവത്കരിക്കുന്നതിന് ശുപാര്‍ശ നല്‍കാന്‍ കമ്മീഷനെ വയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നായിരുന്നു റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ മറുപടി. ഇതനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല