അകാലത്തില്‍ പൊലിഞ്ഞുപോയ മകന്റെ അവയവങ്ങള്‍ മൂന്ന് സ്ത്രീകള്‍ക്ക് ദാനം ചെയ്ത് ഒരമ്മ ലോകത്തിന് മാതൃകയായി. തന്റെ നേരെ കോണ്‍ക്രീറ്റ് വലിച്ചെറിഞ്ഞ ഒരു സംഘത്തെ എതിര്‍ത്ത സ്റ്റീവന്‍ ഗ്രിസേല്‍സ് എന്ന ആര്‍കെടെക്ട് വിദ്യാര്‍ത്ഥിയാണ് കുത്തേറ്റ് മരിച്ചത്. 21കാരനായ സ്റ്റീവന്റെ അമ്മ ജസ്മിഡ് മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എഡ്മണ്ടനില്‍ വച്ചാണ് സ്റ്റീവന്‍ ആക്രമിക്കപ്പെട്ടത്. കൊളംബിയയിലെ അക്രമങ്ങളെ തുടര്‍ന്ന് ഇരുപത് വര്‍ഷം മുമ്പ് ലണ്ടനിലേക്ക് പലായനം ചെയ്ത വ്യക്തിയാണ് ജസ്മിഡ്. മകന്റെ മരണത്തില്‍ അതിയായ ദുഖമുണ്ടെങ്കിലും അവന്‍ മൂലം തന്നെ പോലത്തെ മൂന്ന് അമ്മമാര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതില്‍ വളരെയേറെ സന്തോഷിക്കുന്നതായി അവര്‍ അറിയിച്ചു.
സ്റ്റീവന് മസ്തിഷ്‌ക മരണം സംഭവിച്ചയുടന്‍ ആശുപത്രി അധികൃതര്‍ അവയവദാനത്തിന് തയ്യാറാണോയെന്ന്് ഇവരോട് ചോദിക്കുകയായിരുന്നു. ‘ഉടന്‍ ഞാനോര്‍ത്തത്, എനിക്ക് എന്റെ ഹൃദയമൊഴികെ മറ്റെല്ലാം ദാനം ചെയ്യണമെന്ന അവന്റെ വാക്കുകളാണ്. പിന്നീട് ഞാന്‍ ഭര്‍ത്താവ് അന്ദ്രെയെ വിളിച്ച് അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു. ആ സമയത്ത് ബൂണെസ് ഐറിസിലെ തന്റെ ജോലി സ്ഥലത്തായിരുന്നു അന്ദ്രെ. മരണവാര്‍ത്ത അറിയിക്കുമ്പോള്‍ ജസ്മിഡ് വല്ലാതെ കരയുന്നുണ്ടായിരുന്നെങ്കിലും അവയവദാനെത്തെക്കുറിച്ച് പറയുമ്പോള്‍ അവള്‍ വളരെ ശാന്തയായിരുന്നുവെന്ന് അന്ദ്രെ അറിയിച്ചു.
നാല്‍പ്പതിനടുക്കെ പ്രായമുള്ള മൂന്ന് സ്ത്രീകളിലാണ് സ്റ്റീവന്റെ അവയവങ്ങള്‍ മാറ്റി വച്ചത്. അവയവദാനത്തിന് സമ്മതമാണെന്ന് ജസ്മിഡ് അറിയിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെട്ടതും മകന്റെ അവയവങ്ങള്‍ മൂന്ന് അമ്മമാര്‍്ക്ക് കൊടുക്കണമെന്നാണ്. അങ്ങനെ ഏതെങ്കിലും മക്കള്‍ക്ക് അമ്മമാരില്ലാതാകുന്നത് തടയാമല്ലോയെന്നാണ് അവര്‍ കണക്കു കൂട്ടിയത്. സ്റ്റീവന്റെ രണ്ട് കിഡ്‌നികളും ശ്വാസകോശവുമാണ് ദാനം ചെയ്തത്.
മുത്തശ്ശിയായ വിക്ടോറിയക്കടുക്കല്‍ നിന്നും എന്‍ഫീല്‍ഡിലേക്ക് പോകുന്നതിനിടെ ഓഗസ്റ്റ് 31നാണ് സ്റ്റീവന് കുത്തേറ്റത്. തുടര്‍ച്ചയായി രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. പിന്നീട് ഇക്കഴിഞ്ഞ ജനുവരി 13ന് എഡ്മണ്‍ടനില്‍ നിന്ന് സ്റ്റീവന്റെ കൊലയാളി അറസ്റ്റിലായി. പതിനഞ്ചുകാരനായ ഒരു വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സ്റ്റീവന് കോളജില്‍ നിന്നും ഒരു സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല