സ്വന്തം ലേഖകന്‍: പുനരധിവാസ ഉടമ്പടി നോക്കുകുത്തിയാക്കി മ്യാന്മര്‍ സൈന്യം റോഹിങ്ക്യന്‍വേട്ട തുടരുന്നു; രാഖൈന്‍ പ്രവിശ്യയിലെ നാല്‍പതോളം റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ തീയ്യിട്ട് ചുട്ടു. ഹ്യൂമന്റൈറ്റ്‌സ് വാച്ച് തിങ്കളാഴ്ച പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യകളെ മടങ്ങാന്‍ അനുവദിക്കുന്ന കരാറില്‍ മ്യാന്മര്‍ സര്‍ക്കാര്‍ ഒപ്പുവെച്ച് ദിവസങ്ങള്‍ക്കകമാണ് സംഭവം.
ഒക്‌ടോബര്‍ മുതല്‍ നാല്‍പതോളം ഗ്രാമങ്ങള്‍ തീയ്യിട്ട് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, മാസങ്ങള്‍ക്കിടെ തകര്‍ക്കപ്പെടുന്ന ഗ്രാമങ്ങളുടെ എണ്ണം 354 ആയി. നേരത്തെ ബംഗ്ലാദേശുമായുണ്ടാക്കിയ കരാര്‍ പ്രതിച്ഛായ നിര്‍മിതി മാത്രം ലക്ഷ്യമിട്ടുള്ള കളിയായിരുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യ ഡയറക്ടര്‍ ബ്രാഡ് ആഡംസ് കുറ്റപ്പെടുത്തി.
നവംബര്‍ 23 നാണ് മ്യാന്മറും ബംഗ്ലാദേശും കരാറില്‍ ഏര്‍പ്പെട്ടത്. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് മ്യാന്മര്‍ നേതാവ് ഓങ്‌സാന്‍ സൂചി കരാറിന് വഴങ്ങാന്‍ നിര്‍ബന്ധിതയാകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് റോഹിങ്ക്യകള്‍ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങി. എന്നാല്‍, രാഖൈന്‍ സംസ്ഥാനത്തെ മുഗ്‌ദോ ടൗണ്‍ഷിപ് കരാര്‍ നിലവില്‍വന്ന ശേഷം നവംബര്‍ 25നും ഡിസംബര്‍ രണ്ടിനും ഇടയില്‍ ഇടിച്ചു നിരത്തിയതായാണ് സൂചന.
മ്യാന്മര്‍ ഏറ്റവും വിനാശകരമായ കളിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടും മടങ്ങിവരുന്ന അഭയാര്‍ഥികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുനല്‍കാന്‍ സൂചിയും ഭരണകൂടവും തയാറാവുന്നില്ലെന്നും ഹ്യൂമന്റൈറ്റ്‌സ് വാച്ച് ഏഷ്യന്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഫിലിപ് റോബര്‍ട്ട്‌സണ്‍ പറഞ്ഞു. വടക്കന്‍ രാഖൈനില്‍ പുതിയ ക്യാമ്പ് ഒരുക്കാനുള്ള ശ്രമങ്ങളെ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല