സ്വന്തം ലേഖകന്‍: മ്യാന്മറിലെ റാഖൈനില്‍ റോഹിംഗ്യന്‍ സ്ത്രീകളെ മ്യാന്മര്‍ സൈന്യം കൂട്ടബലാത്സംഗം ചെയ്തതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റോഹിംഗ്യകള്‍ക്കു നേരെയുള്ള മ്യാന്മര്‍ സൈന്യത്തിന്റെ നടപടി പൈശാചികവും മനുഷ്യത്വത്തിനു നേരെയുള്ള കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി.
ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായവര്‍, സന്നദ്ധ സംഘടനകള്‍, ബംഗ്ലാദേശിലെ ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരപീഡനത്തിന് ഇരയാക്കുമ്പോള്‍ അവര്‍ നാടുവിടാന്‍ തയാറാകുന്നു. അതിനാല്‍ മ്യാന്മര്‍ സൈന്യം റോഹിംഗ്യകളെ ഒഴിപ്പിക്കാനുള്ള പ്രധാന മാര്‍ഗമായാണ് ബലാത്സംഗത്തെ കാണുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്‌കൈ വീലര്‍ ചൂണ്ടിക്കാട്ടി.
സൈന്യത്തിന്റെ ലക്ഷ്യം റോഹിംഗ്യകളെ മ്യാന്മറില്‍നിന്ന് വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് നേരത്തെ യു.എന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ആഗസ്റ്റ് 15 ന് പൊലീസ് ആസ്ഥാനം ആക്രമിച്ച റോഹിംഗ്യകളെ ഒഴിപ്പിക്കുന്ന നടപടിയാണെന്നാണ് റാഖൈനില്‍ നടക്കുന്നതെന്നാണ് മ്യാന്മര്‍ അധികൃതരുടെ വാദം. സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് 6,00,000 ത്തിലധികം റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല