സ്വന്തം ലേഖകന്‍: മ്യാന്‍മറിന്‍ റോഹിങ്ക്യകള്‍ക്ക് എതിരെ വ്യാപക വേട്ട തുടരുന്നു, 400 ലേറെപ്പേര്‍ കൊല്ലപ്പെട്ടു, അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മ്യാന്മര്‍ സൈന്യം. വടക്കുപടിഞ്ഞാറന്‍ മേഖലയായ റാഖൈനില്‍ മ്യാന്മര്‍ സൈന്യത്തിന്റെ ഒത്താശയോടെ നടക്കുന്ന അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏതാനും ദിവസങ്ങള്‍ക്കിടെ 58,600 പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായാണ് യു.എന്‍ അഭയാര്‍ഥി സംഘടനയുടെ കണക്ക്. 2600 ലേറെ വീടുകള്‍ തീയിട്ടപ്പോള്‍ നൂറുകണക്കിന് ആരാധനാലയങ്ങള്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവയും ചാരമായി.
ആക്രമണത്തിനു പിന്നില്‍ അറാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മിയാണെന്ന് സൈന്യം കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പിന്തുണയോടെ മ്യാന്‍മര്‍ സൈന്യമാണ് വേട്ടക്കുപിന്നിലെന്ന് റോഹിങ്ക്യകള്‍ പറയുന്നു. 10 ലക്ഷത്തിലേറെ വരുന്ന ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‌ലിംകളെ വംശീയ ഉന്മൂലനം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ആക്രമണമെന്നാണ് ആരോപണം. ഒരാഴ്ചയായി വീണ്ടും ശക്തിയാര്‍ജിച്ച സംഘര്‍ഷങ്ങള്‍ക്കിടെ 400 ലേറെപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാഥാര്‍ഥ കണക്കുകള്‍ ഇനിയും ലഭ്യമല്ല.
മോങ്‌ടോ നഗരത്തിലും റോഹിങ്ക്യകള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന ചെയ്ന്‍ ഖാര്‍ ലി ഗ്രാമത്തിലും റോഹിങ്ക്യകളുടെ വീടുകളും സ്ഥാപനങ്ങളും പൂര്‍ണമായും കത്തിനശിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ടിരുന്നു. ഖാര്‍ ലിയില്‍ മാത്രം 700 ഓളം വീടുകളാണ് അഗ്‌നിക്കിരയായത്. ആക്രമണം നടത്തിയത് മ്യാന്‍മര്‍ സൈന്യമാണെന്ന് ഹ്യൂമന്റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി. അറാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി ആഗസ്റ്റ് 25ന് പൊലീസ് സ്‌റ്റേഷനുകളിലും ചെക്‌പോസ്റ്റുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും നടത്തിയ ആക്രമണത്തിനു ശേഷം സൈന്യം പ്രതികാര ദാഹത്തോടെ റോഹിങ്ക്യ വേട്ട ശക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല