സ്വന്തം ലേഖകന്‍: മ്യന്മറില്‍ ന്യൂനപക്ഷങ്ങള്‍ നില്‍ക്കക്കള്ളിയില്ലാതെ നെട്ടോട്ടമോടുമ്പോള്‍ ലോക പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേത്രിയുമായ ആങ് സാന്‍ സൂചി വിമര്‍ശിക്കപ്പെടുന്നു. മുസ്ലീം ന്യൂനപക്ഷങ്ങള്‍ മ്യാന്മറിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പീഡനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സൂചിയുടെ മൗനമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ ഉയരാന്‍ കാരണം.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം വ്യാപിക്കുമ്പോഴും രാജ്യത്തെ പ്രതിപക്ഷ നേതാവു കൂടിയായ ആങ് സാന്‍ സൂചി മൗനത്തിലാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു നേരെ മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായി ലോകമെമ്പാടും നടക്കുന്ന പോരാട്ടങ്ങളുടെ പ്രതീകമായ സൂചി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയതിന്റെ പേരില്‍ 15 വര്‍ഷം മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന്റെ വീട്ടു തടങ്കലില്‍ കിടന്നയാളാണ് സൂചി. ലോകം മുഴുവന്‍ പ്രതിഷേധച്ചതിനെ തുടന്ന് മോചിതയായ ഇവരിപ്പോള്‍ മ്യാന്‍മര്‍ പ്രതിപക്ഷ നേതാവാണ്.
1991ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും ഏറ്റുവാങ്ങിയ സൂചി പക്ഷേ മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനത്തില്‍ നിശബ്ദയാണ്. മ്യാന്‍മറില്‍ ബുദ്ധ സന്യാസികളിലെ തീവ്രവാദ വിഭാഗം നടത്തുന്ന അതിക്രമങ്ങള്‍ അമേരിക്കയുടെയടക്കം വിമര്‍ശിനം ഏറ്റുവാങ്ങിയിരുന്നു. ഇതിനു പുറമെ പലായനം ചെയ്തവരെ ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്‌ലാന്റ് എന്നീ രാജ്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല