സ്വന്തം ലേഖകന്‍: മ്യാന്മറില്‍ നിന്നുവരുന്ന റോഹിംഗ്യ മുസ്ലീങ്ങളെ പ്രേത ദ്വീപില്‍ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശ്. മ്യാന്‍മാറില്‍നിന്ന് അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യ മുസ്ലിങ്ങളെ ബംഗാള്‍ ഉള്‍ക്കടലിലെ ഒറ്റപ്പെട്ട ദ്വീപായ തെംഗാര്‍ ചാറിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള വിവാദ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍.
2015 ല്‍ ആദ്യം അവതരിപ്പിച്ച പദ്ധതി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിനായി സര്‍ക്കാര്‍ തീരദേശ ജില്ലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമിതിയുണ്ടാക്കി. മ്യാന്‍മാറില്‍നിന്നെത്തിയ കുടിയേറ്റ രേഖകളുള്ളവരും അല്ലാത്തവരുമായ എല്ലാവരെയും കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കാന്‍ സഹായിക്കണമെന്നാണ് സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ജനുവരി ഇരുപത്തിയാറിനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മ്യാന്‍മാറില്‍നിന്ന് ബംഗ്ലാദേശിലേക്ക് അനധികൃതമായി നുഴഞ്ഞു കയറുന്നവരെ കണ്ടെത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മേഘ്‌ന നദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഹാതി ദ്വീപിനടുത്താണ് തെംഗാര്‍ ചാര്‍. റോഹിംഗ്യകളുടെ താത്കാലിക താമസ സ്ഥലത്തുനിന്ന് ഒമ്പതു മണിക്കൂര്‍ യാത്രയുണ്ട് ഇവിടേക്ക്.
അധികൃതമായും അനധികൃതമായും 2,32,000 റോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ കഴിയുന്നുണ്ട്. മ്യാന്‍മാറിലെ ഇവരുടെ കേന്ദ്രമായ റാഖിനില്‍നിന്ന് കൊടിയപീഡനംമൂലം രണ്ടുവര്‍ഷത്തിനിടെ പലായനം ചെയ്‌തെത്തിയ 65,000 പേര്‍ വേറെയുമുണ്ട്. കോക്‌സ് ബസാര്‍ ജില്ലയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിത ജീവിതമാണ് ഇവര്‍ നയിക്കുന്നത്.
ഇവരെ ബലമായി മാറ്റിപ്പാര്‍പ്പിക്കുന്നത് സങ്കീര്‍ണമായ വിഷയവും വിവാദവുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികാര്യത്തിനുള്ള ഏജന്‍സി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തെംഗാര്‍ ചാര്‍ മനുഷ്യവാസത്തിന് യോഗ്യമല്ലെന്ന ആരോപണത്തെത്തുടര്‍ന്നാണ് 2015 ല്‍ ഈ പദ്ധതി ഉപേക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല