മ്യാന്മര് ജനാധിപത്യ പാതയിലെന്ന് ഓങ് സാന്‍ സൂകി. ഇന്നലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. മ്യാന്മറിലെ ജനാധിപത്യ പരിഷ്കാരങ്ങള്‍ വിജയിക്കുമെന്നാണു പ്രതീക്ഷയന്നും അവര്‍ അഭിപ്രായപ്പെട്ടു.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു മ്യാന്മറിലെത്തിയ ഹിലരി ഇന്നലെ സൂകിയുമായി ഒന്നര മണിക്കൂര്‍ നേരം ചര്‍ച്ച നടത്തി. ഒരു വര്‍ഷം മുമ്പ് സ്വപ്നം കാണാന്‍ പോലും സാധിക്കാത്തതാണ് ഈ കൂടിക്കാഴ്ചയെന്നു സൂകി. മ്യാന്മറിനെ ജനാധിപത്യ പാതയില്‍ എത്തിക്കാന്‍ യുഎസ് നടത്തുന്ന ശ്രമങ്ങളെ സൂകി അഭിനന്ദിച്ചു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ കത്തു ഹിലരി സൂകിക്കു കൈമാറി.
1955നു ശേഷം മ്യാന്മര് സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണു ഹിലരി. ജൂന്താ പിന്തുണയോടെ മത്സരിച്ചു പ്രസിഡന്റായ തീന് സീന്‍ നടപ്പാക്കിയ പരിഷ്കാരങ്ങളാണു ഹിലരിയുടെ സന്ദര്‍ശനത്തിന് അവസരം സൃഷ്ടിച്ചത്. സീന്‍ അധികാരം ഏറ്റശേഷം രാഷ്ട്രീയ തടവുകാരുള്‍പ്പെടെ ആയിരക്കണക്കിനു പേരെ മോചിപ്പിക്കുകയും സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തിരുന്നു. സൂകിക്കെതിരേ ജൂന്ത ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.
മ്യാന്മര് ഉള്‍പ്പെടെ അനഭിമത രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനുള്ള പ്രസിഡന്റ് ബരാക് ഒബാമ തീരുമാനവും ഹിലരിയുടെ സന്ദര്‍ശനത്തിനു കാരണമായി. ഏഷ്യ പസഫിക് മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് സാന്നിധ്യം പ്രതിരോധിക്കുന്നതിനുള്ള ദീര്‍ഘകാല യുഎസ് പദ്ധതിയുടെ ഭാഗമാണിതെന്നും കരുതപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല