സ്വന്തം ലേഖകന്‍: രാജഭരണം മാറി ജനായത്ത ഭരണം വന്നെങ്കിലും ആചാരങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ മൈസൂര്‍ രാജ കുടുംബം തയ്യാറല്ല. ഇരുപത്തിമൂന്നുകാരനായ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ മൈസൂരിന്റെ പുതിയ രാജാവായി അധികാരമേറ്റു.
മൈസൂരുവിലെ അംബ വിലാസ് കൊട്ടാരത്തിലാണ് കിരീടധാരണ ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടു കൂടി രാജഭരണം അവസാനിച്ചതിനാല്‍ വൊഡയാര്‍ കുടുംബത്തിലെ തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു കിരീടധാരണം.
എങ്കിലും തലമുറകളായി ആചരിച്ചു വരുന്ന രീതികളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്. രാജകുടുംബാംഗങ്ങളെ കൂടാതെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അംബ വിലാസ് കൊട്ടാരത്തിലെ കല്യാണ മണ്ഡപത്തിലെത്തി.
പുരോഹിതന്മാരും കൊട്ടാരം ഉദ്യോഗസ്ഥരും രാവിലെ ഒമ്പത് മണിയോടെ രാജകീയ വേഷം ധരിച്ച യദുവീറിനെ സ്ഥലത്തേക്ക് ആനയിച്ചു. തുടര്‍ന്ന് ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം 9.40 ഓടെ ഭദ്രാസനയുടെ വെള്ളിക്കിരീടം അദ്ദേഹത്തെ അണിയിച്ചു.
ഇതോടെ, മൈസൂരുവിന്റെ രാജാവായി യദുവീര്‍ അവരോധിതനാകുകയും ചെയ്തു. ജയചാമരാജേന്ദ്ര വൊഡയാരായിരുന്നു യദുവീറിന് മുമ്പ് മൈസൂര്‍ രാജാവ്. ജയചാമരാജേന്ദ്ര മൂത്ത മകള്‍ ഗായത്രീ ദേവിയുടെ കൊച്ചു മകനായ യദുവീര്‍ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി ഇന്ത്യയില്‍ മടങ്ങിയെത്തിയതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല