![](https://www.nrimalayalee.com/wp-content/uploads/2019/07/rape-main.jpg)
സ്വന്തം ലേഖകൻ: എംബിഎ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി. 250 ഏക്കറിലുള്ള കുക്കരഹള്ളി ലേക്ക് പ്രദേശത്തേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.
മാനസഗംഗോത്രി ക്യാംപസില്‍ 85 പിജി ഡിപ്പാര്‍ട്ട്‌മെന്റുകളും മൂന്നു പെണ്‍കുട്ടികളുടെ ഹോസ്റ്റലും ആണ്‍കുട്ടികളുടെ ഒരു ഹോസ്റ്റലുമാണുള്ളത്. പൊലീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദിവസവും വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മേഖലയില്‍ പട്രോളിങ് നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം നടന്ന ഒറ്റപ്പെട്ട പ്രദേശത്തേക്ക് ആ സമയത്തു പോകാന്‍ പാടില്ലായിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു. വൈകിട്ട് 7.30നാണ് അവര്‍ ഒറ്റപ്പെട്ട സ്ഥലത്തേക്കു പോയത്. അതു പാടില്ലായിരുന്നു. പക്ഷേ നമുക്ക് ആരെയും തടയാനാവില്ല. സാധാരണ ആരും ആ സമയത്ത് ഒറ്റപ്പെട്ട സ്ഥലത്തേക്കു പോകാറില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് പെണ്‍കുട്ടികളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി മൈസൂര്‍ യൂണിവേഴ്‌സിറ്റി രംഗത്തെത്തിയത്. സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന പരാമര്‍ശവും ആഭ്യന്തരമന്ത്രി നടത്തി. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് വിവാദപരാമര്‍ശം പിന്നീട് പിന്‍വലിച്ചു. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത്ത് ലേഔട്ടിലാണ് പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടത്.
സംഭവത്തിൽ തിരുപ്പൂർ സ്വദേശികളായ അഞ്ചുപേരെ അറസ്റ്റു ചെയ്തെന്നു കർണാടക ഡിജിപി പ്രവീൺ സൂദ് വെളിപ്പെടുത്തി. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. എൻജിനീയറിങ് വിദ്യാർഥികളായ 6 പേരെ അറസ്റ്റു ചെയ്തെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം.
സഹപാഠിയായ യുവാവിനൊപ്പം രാത്രി 7 മണിയോടെ ബൈക്കിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയായ പെൺകുട്ടിയെ, മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞുനിർത്തി. കൂടെയുണ്ടായിരുന്ന യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടി ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല