സ്വന്തം ലേഖകന്‍: ക്യൂബയിലെത്തുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അജ്ഞാത രോഗം; കാരണം കണ്ടെത്താനാകാതെ വലഞ്ഞ് ഡോക്ടര്‍മാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ക്യൂബയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരായ വിദേശികളാണ് വിചിത്ര രോഗത്തിന്റെ പിടിയിലായത്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
വളരെ വിചിത്രമായ രോഗലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ചിലര്‍ക്ക് ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നു. എഴുതുമ്പോഴും പറയുമ്പോഴും കൃത്യമായ വാക്കുകള്‍ ഉപയോഗിക്കാന്‍ പോലും ചിലര്‍ ബുദ്ധിമുട്ടുന്നു. വളരെ ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങുന്നതും കേള്‍വി ശക്തി നഷ്ടപ്പെടുന്നതുമാണ് ഒരു ലക്ഷണമെങ്കില്‍ ഉറങ്ങി കിടക്കുമ്പോള്‍ ഭയാനകമായ ശബ്ദം കേള്‍ക്കുന്നതാണ് മറ്റ് ചിലരില്‍ കണ്ടെത്തിയ ലക്ഷണം.
എന്നാല്‍, ഒരേ മുറിയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് ഈ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്നതും ഭീതി വര്‍ധിപ്പിക്കുന്നു. ശക്തവും വിചിത്രവുമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതിന് പുറമെ ശക്തമായ തലവേദന, തലകറക്കം, ഛര്‍ദി എന്നിവയും ക്യൂബയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള 24 പേരിലും കാനഡയില്‍ നിന്നുള്ള 10 പേരിലുമാണ് ഈ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ നിഗമനം. എന്നാല്‍, അത് സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിന് പുറമെ ശബ്ദമുപയോഗിച്ചുള്ള ആക്രമണങ്ങള്‍ തലച്ചോറിന് ഹാനികരമാകില്ലെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഇത് ഒരു സംഘടിത ആക്രമണമാണെന്നായിരുന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍, അതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഈ അപകടത്തില്‍ രാജ്യത്തിന് യാതൊരു പങ്കുമില്ലെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ക്യൂബ അറിയിച്ചു. ഈ അവസ്ഥയുടെ പശ്ചാത്തലത്തില്‍ ക്യൂബയിലേക്ക് നിയമിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ കുടുംബമായി പോകേണ്ടതില്ലെന്ന് കാനഡ നിര്‍ദേശിച്ചു. എന്നാല്‍, ക്യൂബയില്‍ വിനോദ സഞ്ചാരത്തിന് പോയ ആര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല