സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിമാരെ തളര്‍ത്താനായി അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നത് ചിലരുടെ ഹോബിയാണ്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നടിയ്ക്കും കുടുംബത്തിനും ഉണ്ടാകാവുന്ന വേദനയെ കുറിച്ച് ഇവര്‍ ഓര്‍ക്കാറേയില്ല. അടുത്തിടെയായി ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവുമധികം നിറഞ്ഞു നിന്ന നടിയാണ് മൈഥിലി. മൈഥിലിയെ പറ്റി അച്ചടിച്ചു വന്ന വാര്‍ത്തകള്‍ കണ്ട പലരും ഇവളിത്ര ഭയങ്കരിയോ എന്നു ചോദിച്ചു പോയി.
എന്നാല്‍ തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് മൈഥിലി പറയുന്നത്. താന്‍ ആരേയും ദ്രോഹിക്കാറില്ല. എന്നിട്ടും എന്നെ പറ്റി ചിലര്‍ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നു. ജ്യേഷ്ഠന്റെ മകളുടെ മുടി മുറിച്ചത് തനിയ്ക്ക് അസൂയയുള്ളതു കൊണ്ടാണെന്ന വാര്‍ത്ത വായിച്ച് കരഞ്ഞു പോയെന്നും മൈഥിലി. മൈഥിലി മദ്യത്തിനടിമയാണെന്നും രാത്രി വിളിച്ചാല്‍ ബോധമില്ലാതെ കുഴഞ്ഞ സ്വരത്തിലാണ് സംസാരിയ്ക്കുകയെന്നുമായിരുന്നു മറ്റൊരു വാര്‍ത്ത. അടുത്തിടെ ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ ഈ വാര്‍ത്ത പ്രചരിച്ചതിനെ കുറിച്ചും മൈഥിലി പ്രതികരിച്ചു.
മൈഥിലി ലഹരിയുടെ വലയിലാണെന്ന വാര്‍ത്ത മലയാളി പ്രേക്ഷകര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യപിയ്ക്കുന്ന നടിയ്ക്ക് രാത്രി എട്ട് മണി കഴിഞ്ഞാല്‍ നാവിന് കണ്‍ട്രോളുണ്ടാവില്ലെന്നും പാതിരാത്രിയായാലും ഉറങ്ങാതെ ലഹരിയുടെ വലയിലായിരിക്കുമെന്നും നിര്‍മാതാക്കള്‍ പരാതിപ്പെടുന്നുവെന്നായിരുന്നു വാര്‍ത്ത.
രാത്രി 12 വരെയൊക്കെ ഉറക്കമൊളിയ്ക്കുന്ന താരത്തെ രാവിലെ പത്ത് മണിയ്ക്ക് വിളിച്ചാലും ഉറക്കത്തിലാണെന്ന് മറുപടിയാണ് കിട്ടുക. ഒരു സംവിധായകന്‍ ഫോണില്‍ നടിയെ വിളിച്ചപ്പോള്‍ സംഭാഷണത്തിനിടെ മതിയെടോ എനിയ്ക്കിനി കുടിയ്ക്കാന്‍ വയ്യെന്ന് നടി പറഞ്ഞുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു.
എന്നാല്‍ താന്‍ ജീവിതത്തിലൊരിയ്ക്കലും മദ്യപിച്ചിട്ടില്ലെന്നാണ് മൈഥിലി പറയുന്നത്. പത്തനം തിട്ടയിലെ ഒരു ഗ്രാമത്തിലാണ് എന്റെ വീട്. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടു തന്നെ കള്ളത്തരങ്ങളൊന്നും തനിയ്ക്ക് അറിയില്ല. ക്ലബുകളിലൊന്നും പോവാറില്ല. പോവാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ പേടികൊണ്ട് അതൊന്നും വേണ്ടന്ന് വച്ചിരിയ്ക്കുകയാണെന്ന് താരം. തന്നെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നത് സിനിമയിലെ ചിലര്‍ തന്നെയാവാമെന്ന് നടി. അടുത്തിടെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും മൈഥിലി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
തന്നെ കുറിച്ച് സിനിമാ പ്രസിദ്ധീകരണങ്ങളില്‍ മോശം വാര്‍ത്ത പ്രചരിയ്ക്കുമ്പോഴും അതിനു പിറകില്‍ പ്രവര്‍ത്തിയ്ക്കുന്നതാരാണെന്നറിയാതെ കുഴങ്ങുകയാണ് യുവനടി മൈഥിലി. അടുത്തിടെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്റെ ഡേറ്റ് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്ന് മൈഥിലി പറയുന്നു. ആ സമയത്ത് താന്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. അതുകൊണ്ട് അല്പം കഴിഞ്ഞ് മാനേജരെ വിളിച്ചാല്‍ മതിയെന്ന് മറുപടി നല്‍കി. എന്നാല്‍ ഉടന്‍ തന്നെ അയാളുടെ സ്വരം മാറി. നിനക്ക് അഹങ്കാരമാണെന്നു പറഞ്ഞ് അയാള്‍ ഫോണിലൂടെ ചീത്തവിളിയ്ക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ താന്‍ ഫോണ്‍ കട്ടു ചെയ്്തെന്നും മൈഥിലി.
എന്തായാലും തനിയ്‌ക്കെതിരെ ഉയരുന്ന ഗോസിപ്പുകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു മാത്രമാണ് മൈഥിലിയ്ക്ക് പറയാനുള്ളത്. കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മൈഥിലി ഇപ്പോള്‍. ജയറാം നായകനാവുന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിയ്ക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുവനടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല