ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിര താരങ്ങളുടെ മുന്നേറ്റം തുടരുന്നു. പുരുഷവിഭാഗത്തില്‍ രണ്ടാം സീഡ് റാഫേല്‍ നഡാല്‍, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍ എന്നിവര്‍ നാലാം വട്ടത്തില്‍ കടന്നപ്പോള്‍ വനിതകളില്‍ ഒന്നാം സീഡ് കരോലിന്‍ വോസ്‌നിയാക്കി, കിം ക്ലൈസ്റ്റേഴ്‌സ്, വിക്ടോറിയ അസറെങ്ക എന്നിവരും മുന്നേറി.
സ്ലോവാക്യയുടെ സീഡില്ലാ താരം ലൂക്കാസ് ലാക്കൊയെ അനായാസമാണ് മുന്‍ ചാമ്പ്യനായ നഡാല്‍ മറികടന്നത്(6-2, 6-4, 6-2).എന്നാല്‍ ക്രൊയേഷ്യയുടെ ഇവൊ കാര്‍ലൊവിച്ചിനെതിരെ ഫെഡറര്‍ക്ക് ആദ്യ രണ്ട് സെറ്റിലും വിയര്‍ത്ത് പൊരുതേണ്ടി വന്നു (7-6, 7-5, 6-2). ചെക് ഏഴാം സീഡ് തോമസ് ബെര്‍ഡിച്ച്, സ്‌പെയിനിന്റെ 10-ാം സീഡ് നിക്കൊളാസ് അല്‍മാഗ്രൊ എന്നിവരും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.
ആദ്യ കിരീടമോഹവുമായി എത്തിയ വോസ്‌നിയാക്കി 31-ാം സീഡായ റൊമാനിയയുടെ മോണിക്ക നിക്കൊളെസ്‌ക്കുവിനെതിരെ ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്(6-2, 6-2). തുടരെ രണ്ടാം കിരീടം ലക്ഷ്യമിടുന്ന ക്ലൈസ്റ്റേഴ്‌സ് 20-ാം സീഡ് ഡാനിയേല ഹഞ്ചുക്കോവയേയും തകര്‍ത്തു (6-3, 6-2).അസറങ്ക ജര്‍മനിയുടെ മോണ ബ്രാത്തലിനെ വീഴ്ത്തി(6-2, 6-4).
പേസ്, ഭൂപതി സഖ്യങ്ങള്‍ക്ക് ജയം
ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസും ചെക് താരം റഡെക് സ്റ്റെപ്‌നെക്കും ചേര്‍ന്ന സഖ്യം 14-ാം സീഡായ ഇറ്റാലിയന്‍ ജോഡി സിമോണ്‍ ബൊലേലിയെയും ഫാബിയൊ ഫൊക്യുനിയെയും കീഴടക്കി മൂന്നാം വട്ടത്തിലെത്തി(6-2, 7-6). മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ടുകെട്ടായ മഹേഷ് ഭൂപതിയും സാനിയാ മിര്‍സയും രണ്ടാം റൗണ്ടിലെത്തി. പേസും റഷ്യയുടെ എലേന വെസ്‌നിനയും ചേര്‍ന്ന സഖ്യവും ആദ്യ കളിയില്‍ ജയം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല