സോണി ജോസഫ്
മൂന്നു വര്‍ഷത്തിലേറെ നീണ്ട തപസ്യയും കഠിന പ്രയത്നവും വഴി നേടിയ നടന ചാരുതയും ,ലാസ്യ ഭാവവും ,മുദ്രശക്തിയും ,താളമികവും ഒന്ന് ചേര്‍ന്ന് നോര്‍വിച് ‘പ്ലേഹൌസ് ‘ തീയറ്ററില്‍ നാട്യ പ്രഭ യുടെ രണ്ടാമത് നൃത്ത സന്ധ്യ ഇന്ന് അരങ്ങേറുമ്പോള്‍ ,നക്ഷത്രങ്ങളെ പോലെ തിളങ്ങുവാന്‍ പോകുന്നത് ,നാട്യപ്രഭയുടെ അഭിമാന സ്തംഭങ്ങളായ അലീന ആന്റണി ,അലിഷ സേവ്യര്‍ ,ദീപ നെല്‍സന്‍ ,ഡാന ജോണ്‍ എന്ന ഈ നാലു മലയാളിപ്പെണ്‍കൊടികള്‍ ആയിരിക്കുമെന്ന് തീര്‍ച്ച .
ഭാരതീയ നൃത്ത കലയുടെ തനിമ എല്ലാതരത്തിലും ,അതിന്റ്റെ ശുദ്ധതയോടെ നിലനിര്‍ത്തി,പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന യുരോപ്പിലെ പ്രശസ്തമായ കലാഗൃഹമാണ്, ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന്‍,ഇപ്പോള്‍ നോര്‍വിച്ചില്‍ താമസക്കാരിയായ ഡോക്ടര്‍ ആന്‍ ടിബ്സ് നേത്രുത്വം നല്‍കുന്ന ‘നാട്യ പ്രിയ ഡാന്‍സ് കമ്പനി ‘. വിദേശ മണ്ണില്‍ രാജ്യ,ഭാഷ ,മത ,വര്‍ണ്ണ വിവേചനമില്ലാതെ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത ശാഖയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി വളരെ അര്‍പ്പണബോധത്തോടെ നാട്യ പ്രിയ പ്രവര്‍ത്തിക്കുന്നു.
ആര്‍ഷ ഭാരത സംസ്കരത്തിന്‍റെ അമൂല്യ നിധികളായ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയാണ് നാട്യ പ്രിയയുടെ എല്ലാ നൃത്ത രൂപങ്ങളും പിറവിയെടുക്കുന്നത്.ധര്മ്മിഷ്ട്ടരും കര്‍മ്മ ധീരരുമായ പാണ്ഡവപുത്രരെ തന്റ്റെ കുടിലതയുടെയും ,വക്ര ബുദ്ധിയുടെയും പാരമ്യത്തില്‍ ,ചൂത് കളിയിലൂടെ തോല്‍പ്പിച്ച് വനവാസത്തിനയച്ച ശകുനിയുടെ വളരെ പ്രസിദ്ധമായ മഹാഭാരത ശകലമാണ് ‘ SHAKUNI’S GAME OF DICE ‘എന്ന പേരില്‍ ഇത്തവണ നാട്യ പ്രിയ അരങ്ങിലെത്തിക്കുന്നത്.ഇംഗ്ലീഷ് കുട്ടികളടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ഈ നൃത്ത സന്ധ്യയില് എല്ലാ കണ്ണുകളും പതിയാന്‍ പോകുന്നത് പ്രധാന കഥാ പാത്രങ്ങളായി ആടി തകര്‍ക്കാന്‍ പോകുന്ന ഈ നാല് മലയാളി പ്രതിഭകളിലായിരിക്കും . അത്ര മാത്രം തയ്യാറെടുപ്പുകളാണ് ഇവര്‍ ചെയ്തിരിക്കുന്നത്
പഠനത്തിലും നൃത്തകലയിലും വളരെ പ്രാഗത്ഭ്യം തെളിയിച്ച ഒട്ടനവധി കുട്ടികള്‍ ,പ്രത്യേകിച്ച് മലയാളികളുടെ മക്കള്‍ ,പഠിച്ചിറങ്ങിയ നാട്യ പ്രിയയില്‍ ,മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ദീപ നെല്‍സന്‍ നൃത്ത കലാ പഠനം ആരംഭിച്ചത്.നോര്‍ഫോക്ക് & നോര്‍വിച്ച് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റലില്‍ ചീഫ് പീഡിയാട്രിക് കണ്‍സള്‍ട്ടന്റ്റ് ആയ തൃശൂര്‍ സ്വദേശി ഡോക്ട്ടര്‍ നെല്‍സന്‍റെയും ജി പി ആയ ഡോക്ട്ടര്‍ മിനിയുടെയും ഇളയ മകളാണ് ദീപ.ഇപ്പോള്‍ കേംബ്രിഡ്ജ് യൂണിവേര്‍സിറ്റിയില്‍ മെഡിസിനു പഠിക്കുന്ന ചേച്ചി ദിവ്യയും നാട്യ പ്രിയയിലെ ഒരു പ്രമുഖ കലാകാരിയായിരുന്നു . ചെറുപ്പം മുതലേ നൃത്തത്തോട് വല്ലാത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ദീപക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്ന പിതാവ് ഡോക്ടര്‍ നെല്‍സന്‍ നാട്യ പ്രിയ എന്ന കലാ വേദി ഈ നാട്ടില്‍ ആരംഭിക്കുവാന്‍ എല്ലാ വിധ പ്രോത്സാഹനവും നല്‍കി മുന്‍പന്തിയില്‍ നിന്ന ആളുകളില്‍ ഒരാളാണ്.
കഴിഞ്ഞ ആറു വര്‍ഷങ്ങളോളമായി 150-ല്‍ അധികം കുടുംബങ്ങള്‍ വളരെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (NAM) ആരംഭം കുറിച്ചതും ഇദ്ദേഹത്തിന്റെ നേത്രുപാടവവും ഇച്ചാശക്തിയും ആണ്.മഹാ ഭാരത കഥയിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ,ഭാവാഭിനയ മികവുറ്റ നൃത്ത ചുവടുകളിലൂടെ ദീപയും കൂട്ടുകാരും പുനര്ജീവിപ്പിക്കുമ്പോള്‍ അത് കാണാന്‍ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം ഈ കുടുംബവും മുന്‍പന്തിയില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടാവും ഇന്ന് വൈകിട്ട്.
.
നാട്യ പ്രിയയെ പ്പറ്റി പറഞ്ഞാല്‍ അലീന വാചാലയാവുകയാണ്.എവിടെ പ്പോയാലും നാട്യ പ്രിയയുടെ നൃത്ത സന്ധ്യയുടെ ഒരു ക്ഷണക്കത്ത് കൊണ്ടുപോകാന്‍ അലീന മറക്കുന്നില്ല.നൃത്തം മാത്രമല്ല ഈ കൊച്ചു കലാകാരിക്ക് പ്രിയം.സ്വന്തം ജേഷ്ഠസഹോദരനായ അലനൊപ്പം ഇമ്പമേറിയ ഗാനങ്ങള്‍ ആലപിക്കാനും ഈ മിടുക്കി മുമ്പിലാണ്.അസോസിയേഷന്‍ പരിപാടികളില്‍ എന്നും നിറ സാന്നിധ്യമാണ് ഈ സഹോദരങ്ങള്‍ .ആലപ്പുഴ സ്വദേശിയും നോര്വിച്ചില്‍ ബിസിനസ് കാരനുമായ ആന്‍റണി – ലിസ്സി ദമ്പതികളുടെ ഇളയ മകളാണ് അലിന.മക്കളെ പോലെ തന്നെ കലാരംഗത്ത് ഒട്ടും പിന്നിലല്ല ഈ മാതാപിതാക്കളും .മക്കള്‍ക്കൊപ്പം മിക്ക വേദികളിലും ഇമ്പമായി പാടിക്കൊണ്ട് അമ്മ ലിസ്സി എന്നും ഒപ്പമുണ്ട്.അത്യാവശ്യം പാട്ടും നൃത്തവും നാടന്‍ കലാരൂപങ്ങളും ഒക്കെ അവതരിപ്പിച്ചു കഴിവ് തെളിയിച്ചുട്ടുള്ള ആളാണ് ആന്റണി ചേട്ടനും.പൊന്നുമോളുടെ ഇന്നത്തെ പ്രകടനം കാണാന്‍ വളരെ ആവേശത്തിലാണ് ഇദ്ദേഹവും കുടുംബവും.പ്രാര്‍ത്ഥനയും പഠനവും വളരെ സീരിയസ് ആയി കാണുന്ന ഈ മിടുക്കി കുട്ടി എല്ലാവരോടും ആവശ്യപെടുന്ന ഒരു കാര്യമുണ്ട്;തന്റ്റെയും കൂട്ടുകാരികളുടെയും പ്രകടനം വളരെ ഭംഗിയായി തീരണമേയെന്നു എല്ലാവരും പ്രാര്‍ത്ഥിക്കണം .ഞങ്ങള്‍ ഉറപ്പു തരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന അലിനക്കും കൂട്ടുകര്‍ക്കുമോപ്പം ഇന്നും എന്നും ഉണ്ടാവും ….
അലിഷ സേവ്യര്‍ ഇന്ന് വൈകിട്ട് ചിലങ്കയണിയുമ്പോള്‍ എല്ലാ സഹായവും ചെയ്തു സഹോദരി അലിനയാവും ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത്.ഉണ്ണുന്നതും ,ഉറങ്ങുന്നതും ,കളിക്കുന്നതും ,പഠിക്കുന്നതും എല്ലാം ഒപ്പമാണ് ഈ ഇരട്ട സഹോദരികള്‍ .പക്ഷെ ഇന്ന് ഒപ്പം അരങ്ങില്‍ ആടാന്‍ അലിന ഇല്ലല്ലോ എന്നൊരു ചെറു വിഷമം ഉണ്ട് അലിഷക്ക്.മികച്ച ബാസ്കെറ്റ് ബോള്‍ പ്ലയെര്‍ ആയ അലിന കുറെ നാളുകള്‍ക്കു മുമ്പുണ്ടായ ഒരു പരിക്കിനെ തുടര്‍ന്ന് ഡാന്‍സ് പഠനത്തിനു താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.പക്ഷെ എല്ലാത്തിനും അലിന ഒപ്പം നിന്ന് ആ വിഷമം അലിഷയുടെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നു.നോര്വിച്ചില്‍ സ്വന്തമായി ഓട്ടോമൊബൈല്‍ ഗാരേജ് നടത്തുകയാണ് പിതാവ് സേവ്യര്‍ . NHS -ല്‍ സീനിയര്‍ നഴ്സ് അഡ്വൈസര്‍ ആയ അമ്മ ഷേര്‍ളിയാണ് അലിഷക്ക് നൃത്തതിന്റ്റെ ആദ്യ പാഠങ്ങള്‍ അഭ്യസിപ്പിച്ചു കൊടുത്തത്.മികച്ച നര്‍ത്തകിയും അഭിനേത്രിയും ആയ അമ്മ തന്നെയാണ് ഇപ്പോഴും അലിഷക്ക് പ്രിയപ്പെട്ട ടീച്ചര്‍. .പ്ലേ ഹൌസില്‍ ഇന്ന് വൈകിട്ട് തിരശിലയുയരുമ്പോള്‍ മകള്‍ക്ക് എല്ലാ വിധ ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞു ഈ കുടുംബം അനേകം സഹൃദയര്ക്കൊപ്പം നിറഞ്ഞ സദസ്സില്‍ നിറ മനസ്സുമായി ഉണ്ടാവും.
ഈസ്റ്റ് അന്ഗ്ലിയയിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് ആയ Spice Paradise ഉടമയും കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയുമായ ജോണിക്കുട്ടി – ടെല്‍മ ദമ്പതികളുടെ മൂത്ത പുത്രിയാണ് ഡാന ജോണ്‍ .എല്ലാവരോടും എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സമീപിക്കുന്ന ഈ സുന്ദരിക്കുട്ടിക്ക് നൃത്തത്തോട് വല്ലാത്ത കമ്പം തന്നെയാണ്.അസോസിയേഷന്‍ വേദികളില്‍ ബോളിവുഡ് ഡാന്‍സ് ചെയ്തു തകര്‍ക്കുന്ന ഈ മിടുക്കി പക്ഷെ ക്ലാസിക്കല്‍ ഡാന്‍സ് ചെയുമ്പോള്‍ ആളാകെ മാറും.മികച്ച മെയ്യടക്കവും,ഭാവ ഭേദങ്ങളും അതി സാമര്‍ത്ഥ്യത്തോടെ അവതരിപ്പിക്കുവാന്‍ ഡാനക്കുള്ള കഴിവ് അപാരം തന്നെ എന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കും.നൃത്തവും പഠനവും തുല്യ പ്രാധാന്യത്തോടെ കാണുന്ന ഈ കാഞ്ഞിരപ്പിള്ളിക്കാരിക്ക് ഇന്നത്തെ പ്രകടനത്തെക്കുറിച്ച് അശേഷം ടെന്‍ഷന്‍ ഇല്ല.ഡാഡിയും മമ്മിയും കുഞ്ഞനിയന്‍ ടയസും ഉള്ള നിറഞ്ഞ വേദിക്ക് മുമ്പില്‍ എത്രയും വേഗം മനസ്സ് നിറഞ്ഞു ആടി അഭിനയിക്കാനുള്ള തിടുക്കം മാത്രം
സംസ്കാരസമ്പന്നമായ,ശുദ്ധ കലയെ സ്നേഹിക്കുന്ന എല്ലാ കണ്ണുകളും അതിരറ്റ ആകാംഷയോടെ ചെന്നെത്തുന്ന ഇന്നത്തെ മനോഹര സന്ധ്യയിലേക്ക് ,ഭാവ-നാദ -നടന മയൂരങ്ങള്‍ ആയിരം പീലികള്‍ വിരിച്ചാടുന്ന സുന്ദര നിമിഷങ്ങളിലേക്ക് ,നോര്വിച് പ്ലേ ഹൌസ് തിയേറ്ററിലേക്ക് ഈ മിടുക്കിക്കുട്ടികള്‍ ,മലയാളത്തിന്റ്റെ അഭിമാനങ്ങള് എല്ലാവരെയും സ്വാഗതം ചെയുകയാണ്.പ്രിയ കുട്ടികളേ നിങ്ങള്ക്ക് എല്ലാവിധ ഭാവുകങ്ങളും …. ഭാവിയില്‍ നിങ്ങള്‍ നിറഞ്ഞു നിന്നാടുന്ന നടരാജവിസ്മയംതീര്‍ക്കുന്ന അനേകായിരം വേദി കളിലെക്കുള്ള ശുഭയാത്രകളുടെ നാന്ദി കുറിക്കലാവട്ടെ ഇത്…
Venue :Norwich Playhouse Theatre
Time : Saturday 8th September 7.30pm
Contact : Box Office 01603 598598
.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല