സ്വന്തം ലേഖകന്‍: നാഗാലാന്റില്‍ സമാധാനം പരക്കുന്നു, കേന്ദ്രസര്‍ക്കാരും കലാപകാരികളും കരാറില്‍ ഒപ്പിട്ടു. ആറ് ദശാബ്ദക്കാലത്തെ തീവ്രവാദ ഭീഷണിക്കാണ് ഇതോടെ അറുതിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ജനറല്‍ സെക്രട്ടറി ടി. മുയ് വയും സംയുക്തമായാണ് പത്രസമ്മേളനത്തില്‍ സമാധാന ഉടമ്പടിയിലെത്തിയ വിവരം പ്രഖ്യാപിച്ചത്.
”ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു. ഇതൊരു ചരിത്രമുഹൂര്‍ത്തമാണ് നാഗാ ജനങ്ങള്‍ക്ക് മഹാത്മാ ഗാന്ധിയോട് അളവറ്റ ആദരവാണ്. അതു പോലെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോടും ഞങ്ങള്‍ക്ക് ബഹുമാനമാണ് .’കരാറില്‍ ഒപ്പു വച്ച ശേഷം മുയ് വ പറഞ്ഞു.
നാഗാ കലാപകാരികളുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ മദ്ധ്യസ്ഥനായ ആര്‍. എന്‍. രവിയാണ് സര്‍ക്കാര്‍ പക്ഷത്തു നിന്ന് ഉടമ്പടിയില്‍ ഒപ്പു വച്ചത്. നാഗാ പക്ഷത്തു നിന്ന് എന്‍. എസ്സ് സി എന്‍ ജനറല്‍ സെക്രട്ടറി ടി. മുയ് വയും. 1986 ല്‍ കേന്ദ്രസര്‍ക്കാരും മിസ്സോറാമിലെ മിസ്സോ ദേശീയ മുന്നണിയുമായി ഉണ്ടാക്കിയ കരാറിനു ശേഷം ഈ മേഖലയില്‍ എത്തിച്ചേരുന്ന രണ്ടാമത്തെ സുപ്രധാന ഉടമ്പടിയാണിത്.
വടക്കു കിഴക്കന്‍ മേഖലയില്‍ കരാര്‍ സമാധാനത്തിനും പുരോഗതിക്കും വഴി തെളിക്കും. നാഗാ ജനതയ്ക്ക് അന്തസ്സും അവസരങ്ങളും തുല്യതയും ഉറപ്പു വരുത്തുന്നതാണിത്. അവരുടെ സംസ്‌ക്കാരവും പാരമ്പര്യവും സംരക്ഷിക്കാനും ഇത് ഇടയാക്കും–കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
1963 ല്‍ രാജ്യത്തെ 16 മത്തെ സംസ്ഥാനമായി നാഗലാന്റ് രൂപീകരിച്ചപ്പോള്‍ തുടങ്ങിയ പ്രശ്‌നമാണ് രൂക്ഷമായ ആഭ്യന്തര കലാപമായി വളര്‍ന്നത്. നാഗാലാന്‍ഡിന് പ്രത്യേക സ്വയംഭരണവും പതാകയും നല്‍കണം എന്നതാണ് നാഗാ കലാപകാരികളുടെ ആവശ്യം. 1980 ല്‍ കേന്ദ്രസര്‍ക്കാരും കലാപകാരികളും ധാരണയില്‍ എത്തിയെങ്കിലും പിന്നീട് കരാര്‍ ലംഘിച്ച് പ്രക്ഷോഭം തുടരുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല