1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2021

സ്വന്തം ലേഖകൻ: നാഗാലാന്റിൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 13 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. മോൺ ജില്ലയിലെ തിരു ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതുവരെ ഒരു സൈനികന്റെ അടക്കം 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് എത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കിൽ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഭീകരവിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ഗ്രാമീണരും രംഗത്തുവന്നിട്ടുണ്ട്.

സേനയുടെ വാഹനങ്ങളും പ്രതിഷേധക്കാര്‍ തീവച്ചിട്ടുണ്ട്. പ്രതിഷേധം ശമിപ്പിക്കാൻ പോലീസ് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ട്. ഇതിലാണ് സൈനികൻ കൊല്ലപ്പെട്ടത് എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ രംഗത്തുവന്നു. അങ്ങേയറ്റം കുറ്റകരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഉന്നത തല പ്രത്യേക അന്വേഷണ സംഘം വേണമെന്നും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും സമാധാനത്തിനായി അഭ്യർത്ഥിക്കുന്നതായും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ച ഗ്രാമീണരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.