സ്വന്തം ലേഖകൻ: ചരിത്രം കുറിച്ച് നാഗാലാന്‍ഡ്. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ആദ്യ വനിതയായി ഹെകാനി ജെഖാലു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ഡിപിപി) സ്ഥാനാര്‍ഥിയായ ഹെക്കാനി ദിമാപുര്‍ III നിയോജകമണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. എല്‍ജെപി (റാം വിലാസ്) സ്ഥാനാര്‍ഥിയായ അഷെറ്റോ ഷിമോമിയെ 1536 വോട്ടുകള്‍ക്കാണ് ഹെകാനി തോല്‍പ്പിച്ചത്.
47കാരിയായ ഹെകാനി അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമാണ്. ഹെകാനി സാന്‍ ഫ്രാന്‍സിസ്‌കോ സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് 2013 ല്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതിയില്‍ നിന്ന് നാരി ശക്തി പുരസ്‌കാരം ഹെകാനി നേടിയിട്ടുണ്ട്.
യുവാക്കളുടെ ഉന്നമനം, സ്ത്രീ ശാക്തീകരണം, ന്യൂനപക്ഷ അവകാശങ്ങള്‍, മോഡല്‍ കോണ്‍സിസ്റ്റിറ്റിയുന്‍സി എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഹെകാനി പ്രകടനപത്രികയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്രാവശ്യം നാഗാലാന്‍ഡ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഹെകാനി ഉള്‍പ്പെടെ സാല്‍ഹോട്ട്വ ക്രുസ്, ഹുകാലി സെമ, റോസി തോംസണ്‍ എന്നീ നാല് വനിതകളും മത്സരിച്ചു.
നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയകുതിപ്പ് നേടി ബിജെപി അധികാരം നിലനിര്‍ത്തി. ആകെയുള്ള 60 സീറ്റില്‍ 40 ഇടത്തും ബിജെപിയാണ് മുന്നില്‍. എന്‍പിഎഫ് 4, എന്‍പിപി 3 ഇടത്തും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 13 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല