സ്വന്തം ലേഖകന്‍: ജമ്മു കാഷ്മീരിലെ നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം, രണ്ട് മേജര്‍മാര്‍ ഉള്‍പ്പെടെ ഏഴു സൈനികര്‍ മരിച്ചു. പ്രത്യാക്രമണത്തില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ ബന്ദികളാക്കിയ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും സൈനികരുമുള്‍പ്പെടെ 16 പേരെ മണിക്കൂര്‍ നീണ്ട സൈനികനടപടികളിലൂടെ മോചിപ്പിച്ചു.
അക്ഷയ് ഗിരീഷ് കുമാര്‍ (31–ബംഗളൂരു), ഗോസാമി കുനാല്‍ മനാഡിര്‍ (33–സോലാപുര്‍–മഹാരാഷ്ട്ര) എന്നിവരാണു വീരമൃത്യുവരിച്ച മേജര്‍മാര്‍. ജമ്മുവിലെതന്നെ സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ ബിഎസ്എഫ് വകവരുത്തി. രാജ്യാന്തര അതിര്‍ത്തിയില്‍ എട്ടു മണിക്കൂറിലധികം ദീര്‍ഘിച്ച പോരാട്ടത്തിനിടെ ബിഎസ്എഫ് ഡിഐജി ഉള്‍പ്പെടെ നാലു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണു നഗ്രോതയില്‍ കരസേനയുടെ 16 ആം ഫീല്‍ഡ് റെജിമെന്റ് ക്യാമ്പിനു നേരേ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. വെടിക്കോപ്പുകളും ഗ്രനേഡും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി നാലു ഭീകരരാണ് ആക്രമണത്തിനെത്തിയത്. ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ ആകൃതിയിലുള്ള സൈനിക ആസ്ഥാനത്തെ ഓഫീസേഴ്‌സ് മെസിലേക്കു ഗ്രനേഡ് എറിഞ്ഞശേഷം ഭീകരര്‍ ഇരച്ചുകയറുകയായിരുന്നു.
കനത്ത വെടിവയ്പിനിടെ സൈനികരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 16 പേര്‍ കെട്ടിടത്തില്‍ കുടുങ്ങി. ഇവരെ ഭീകരര്‍ ബന്ദികളാക്കി ആക്രമണം തുടരുകയായിരുന്നു. ജമ്മു–ശ്രീനഗര്‍ ദേശീയപാതയോടു ചേര്‍ന്നാണു സൈനികക്യാമ്പ്. പോരാട്ടം ശക്തമായതോടെ പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചു. ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവച്ചു. പത്തു മണിക്കൂറോളം വെടിവയ്പ് നീണ്ടു. കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് സൈന്യം വ്യാപകമായ തെരച്ചില്‍ തുടങ്ങി.
ചാവേര്‍ ആക്രമണമായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നാണു പ്രാഥമിക നിഗമനം. ജനവാസമേഖലയല്ല, സൈനികകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ആയിരത്തോളം ഓഫീസര്‍മാര്‍ സേവനമനുഷ്ഠിക്കുന്ന നഗ്രോതാ ക്യാമ്പ് സംസ്ഥാനത്തെ നാല് സൈനിക കമന്‍ഡാന്റ് സെന്ററുകളിലൊന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല