1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2011


നഖത്തില്‍ സൂക്ഷ്മമായി നോക്കിയാല്‍ ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമത്രേ!. വിളറിയതും മഞ്ഞകളറുള്ളതുമായ നഖങ്ങള്‍ വിവിധ അസുഖങ്ങളെ വിളിച്ചറിയിക്കുന്നു. കരള്‍, ശ്വസകോശം, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ നഖംനോക്കി കണ്ടുപിടിക്കാം. വിളറിയതും വെളുത്തതുമായ നഖങ്ങള്‍ ചിലരിലെങ്കിലും പ്രായവുമായി ബന്ധപ്പട്ടിരിക്കുന്നു. അതോടൊപ്പംതന്നെ ഗൗരവമര്‍ഹിക്കുന്ന പല രോഗങ്ങളുടെയും ലക്ഷണംകൂടിയാണത്. വിളര്‍ച്ച, ഹൃദയാഘാതസാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരകുറവ് എന്നിവയും ഇതിലൂടെ തിരിച്ചറിയുന്നു.

ചിലരില്‍ നഖത്തിനുചുറ്റും വെളുത്തനിറത്തില്‍ ഒരു ഫ്രെയിം രൂപപ്പെട്ടതായി കാണാം. കരളുമായി ബന്ധപ്പെട്ട അസുഖം ആവ്യക്തിക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഹെപിറ്റൈറ്റിസ് അസുഖം ബാധിച്ചവരില്‍ ഇത്തരത്തില്‍ നഖത്തിനുചുറ്റും വെളുത്ത ഫ്രെയിം രൂപപ്പെട്ടതായി കാണാം. പൂപ്പല്‍ ബാധയാണ് നഖത്തിലെ മഞ്ഞകളറിന്റെ പ്രധാനകാരണം. നഖത്തിന് കട്ടിവര്‍ധിക്കുകയും വിള്ളല്‍വീഴുകയും ചെയ്യുന്നു. ചിലരില്‍ തയ്‌റോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും മഞ്ഞകളര്‍ കണ്ടുവരുന്നു.
ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ശരീരത്തില്‍ നീലകളര്‍ വ്യാപിക്കുന്നത്. ശ്വാസകോശ രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ന്യൂമോണിയ. പ്രമേഹമുള്ളവരിലും നഖത്തില്‍ നീലകളര്‍ ഉണ്ടാകാന്‍ നേരിയ സാധ്യതയുണ്ട്

പരുപരുത്ത പ്രതലവും നേരിയ വരകളും പ്രത്യേക്ഷപ്പെടുന്നത് സോറിയാസിസിന്റെയും ചിലയിനം വാതങ്ങളുടെയും ലക്ഷണങ്ങളാണ്. നഖത്തിനടിയിലെ തൊലി ചുവപ്പുരാശികലര്‍ന്ന കാപ്പികളറാകുന്നത് പ്രകടമായ ലക്ഷണമാണ്. സോറിയാസിസിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത് നഖങ്ങളിലാണ്. വരണ്ട് വിണ്ടുകീറുന്ന നഖങ്ങള്‍ തയ്‌റോയ്ഡ് രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ഇതോടൊപ്പം മഞ്ഞകളര്‍കൂടിയുണ്ടായാല്‍ പൂപ്പല്‍ ബാധയും ഉണ്ടെന്നുചുരുക്കം. നഖം തൊലിയുമായി കൂടിച്ചേരുന്ന ഭാഗത്ത് ചുവപ്പ് രാശി പ്രത്യക്ഷപ്പെടുന്നത് കോശപാളികളിലെ അസുഖത്തെക്കുറിച്ച് സൂചന നല്‍കുന്നു. തൊലിയെ ബാധിക്കുന്ന ക്ഷയരോഗത്തിന്റെ ലക്ഷണമായി ഇതിനെ വൈദ്യസമൂഹം കാണുന്നു.

നഖത്തിനടിയിലെ കറുത്തവര ഗുരുതരമായ അസുഖത്തെക്കുറിച്ച് സൂചന നല്‍കുന്നു. തൊക്കിലുണ്ടാകുന്ന കാന്‍സറായ മെലനോമയുടെ പ്രകടമായ ലക്ഷണമാണിത്. പെട്ടന്ന് കണ്ടുപിടിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇടക്കിടെ നഖം കടിക്കുന്നതിനെ നിസാരമായി കരുതാന്‍വരട്ടെ. ഉല്‍ക്കണ്ഠ രോഗത്തിന്റെ മുഖ്യലക്ഷണമാണിത്. ഓബ്‌സസിവ് കംപല്‍സീവ് ഡിസോഡര്‍ എന്ന മാനസിക രോഗമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. നഖംകടിക്കല്‍ നിര്‍ത്താന്‍ പ്രയാസംഅനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക.

നഖം ശരീരത്തിലെ ചെറിയൊരു ഭാഗംമാത്രമാണ്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി നഖത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ ശ്രദ്ധിക്കുക. മാറ്റങ്ങള്‍ ഒരുപക്ഷേ, നിസാരകാരണങ്ങള്‍കൊണ്ടുണ്ടായതാകാം. ഗൗരവതരമായ അസുഖങ്ങളുടെ ലക്ഷണങ്ങളായി അവയെ കരുതേണ്ടതില്ല. നഖത്തില്‍ പ്രകടമായ എന്തെങ്കിലും വ്യത്യാസങ്ങള്‍ കണ്ടാല്‍ ഒരു ചര്‍മരോഗവിദഗ്ധനില്‍നിന്ന് ഉപദേശം തേടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.