സ്വന്തം ലേഖകന്‍: ബീഫ് നിരോധനം സംബന്ധിച്ച് രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ ന്യൂനപക്ഷങ്ങള്‍ മാനിക്കണമെന്ന് കേന്ദ്രമന്ത്രി നജ്മ ഹെപ്തുല്ല. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ബീഫ് നിരോധനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഹെപ്തുല്ല.
ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്നതാണ് തന്റെ ജീവിത തത്വങ്ങളിലൊന്നെന്നും നജ്മ ഹെപ്തുല്ല വ്യക്തമാക്കി. കേന്ദ്ര വഖഫ് ഭവന്‍ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അവര്‍.
വഖഫ് ഭൂമിയുടെ കയ്യേറ്റം തടയാനുള്ള ബില്‍ രാജ്യസഭയുടെ സ്ഥിരംസമിതിയുടെ മുന്നിലാണ്. കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമപരമായ അധികാരം ലഭ്യമാക്കുന്നതാണ് ഈ ബില്‍ എന്നും നജ്മ പറഞ്ഞു.
കഴിഞ്ഞ ആറു പതിറ്റാണ്ടുകാലത്തെ ശ്രദ്ധക്കുറവു മൂലമാണു കയ്യേറ്റമുണ്ടായതെന്ന് അവര്‍ കുറ്റപ്പെടുത്തി. വഖഫ് ഭൂമിയുടെ 40 ശതമാനത്തോളം കയ്യേറ്റം ചെയ്യപ്പെട്ടതായി അവര്‍ പറഞ്ഞു.
എന്നാല്‍ രാജ്യവ്യാപകമായ ബീഫ് നിരോധനം കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് ഹെപ്തുല്ല വ്യക്തമായ ഉത്തരം നല്‍കിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല