സ്വന്തം ലേഖകന്‍: യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ നളന്ദ സര്‍വകലാശാല സ്ഥാനം പിടിച്ചു. യുനെസ്‌കോയുടെ കീഴിലുള്ള വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയാണ് നളന്ദയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇസ്താംബൂളില്‍ നടക്കുന്ന, കമ്മിറ്റിയുടെ 40 ആം സെഷനിലാണ് നളന്ദയുള്‍പ്പെടെ ഒന്‍പത് പുതിയ സ്ഥലങ്ങള്‍ ഇടം നേടിയത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി സമര്‍പ്പിക്കപ്പെട്ട 27 നോമിനേഷനുകളില്‍ നിന്നാണ്, ഒരു ദിവസം നീണ്ടു നിന്ന പരിശോധനകള്‍ക്കു ശേഷം ഒന്‍പത് പുതിയ സ്ഥലങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ചൈന, ഇറാന്‍, സ്‌പെയിന്‍, ഗ്രീസ്, തുര്‍ക്കി, ബ്രിട്ടന്‍, മൈക്രോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നോമിനേഷനുകളാണ് പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുള്ളത്.
ഞായറാഴ്ച വരെ നീളുന്ന സെഷനില്‍ 18 പൈതൃക സ്ഥലങ്ങളുടെ നോമിനേഷനുകള്‍ കൂടി കമ്മിറ്റി പരിശോധിക്കും. 1977 ല്‍ രൂപം കൊണ്ട വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നിലവിലെ സെഷന്‍ ഈ മാസം 10 നാണ് തുടങ്ങിയത്.
ബിസി അഞ്ചാം നൂറ്റാണ്ടു മുതല്‍ എഡി 12 ആം നൂറ്റാണ്ടുവരെ ഏഷ്യയിലെ പ്രമുഖ ഉപരിപഠന കേന്ദ്രമായിരുന്നു നളന്ദ. ഇന്നത്തെ ബിഹാറില്‍ പാട്‌നക്കടുത്തായിരുന്നു സര്‍വകലാശാലയുടെ സ്ഥാനം. പ്രമുഖ ബുദ്ധമത പഠനകേന്ദ്രമെന്നും കേള്‍വി കേട്ട നളന്ദയുടെ പ്രതാപം 12 ആം നൂറ്റാണ്ടിലെ ബക്തിയാര്‍ ഖില്‍ജിയുടെ ആക്രമണത്തോടെ അസ്തമിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല