സ്വന്തം ലേഖകന്‍: നന്തന്‍കോട് സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തത് സാത്താന്‍ ആരാധനയുടെ ഭാഗമായുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണമെന്ന് പ്രതി, ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നന്തന്‍കോട്ട് ഡോക്ടറേയും കുടുംബത്തേയും കൊലപ്പെടുത്തി കത്തിച്ച കേസില്‍ പിടിയിലായ കേഡല്‍ ജിന്‍സണ്‍ താന്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന പരീക്ഷണ കൊലയാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ശരീരത്തില്‍ നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള പരീക്ഷണമാണിതെന്നും കേഡല്‍ വ്യക്തമാക്കി. കൊലപാതകം നടത്തിയതെന്തിന് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് കേഡല്‍ പറയുന്നത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകങ്ങള്‍ നടത്തിയത് ഒരേ ദിവസമാണെന്നാണ് കേഡല്‍ മൊഴി നല്‍കിയിരിക്കുന്നത് എങ്കിലും ഇത് ആസൂത്രണം ചെയ്തത് ഏറെ നാള്‍ മുമ്പാണെന്നും പോലീസ് കരുതുന്നു.
ഞായറാഴ്ചയാണ് ഡോ. ജീന്‍ പദ്മ, ഭര്‍ത്താവ് രാജ തങ്കം, മകള്‍ കരോലിന്‍, ഡോ. ജീന്റെ ബന്ധു ലളിത എന്നിവരെ ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ തമ്പാനൂര്‍ റെയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം പിടികൂടി.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പോലീസിനെ ഞെട്ടിച്ച രഹസ്യങ്ങള്‍ പുറത്തുവന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ കേഡല്‍ ഓസ്‌ട്രേലിയയില്‍ ഉന്നതപഠനത്തിന് പോയപ്പോഴാണ് സാത്താന്‍ ആരാധനയിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് സൂചന. നാട്ടില്‍ തിരികെ വന്നശേഷം ഇന്റര്‍നെറ്റിലൂടെ കൂടുതല്‍ സാത്താന്‍ പഠനങ്ങള്‍ നടത്തിയ കേഡല്‍ അധികം വൈകാതെ നാട്ടിലും വീട്ടിലും നിഗൂഡ വ്യക്തിത്വമായി മാറി.
സാത്താന്‍ ആരാധനയുടെ ഏറ്റവും തീവ്രമായ ചടങ്ങാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. വിദേശങ്ങളില്‍ ഇത് പതിവാണെങ്കിലും മലയാളികള്‍ക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു. അപാര മനശക്തി, ഉറച്ച വിശ്വാസം, സ്വയം നിയന്ത്രണം എന്നിവ ഉപയോഗിച്ച് ആരാധന നടത്തുന്നയാള്‍ ശരീരത്തില്‍നിന്ന് മനസിനെ മോചിപ്പിച്ച് മറ്റൊരു ലോകത്ത് എത്തിക്കുന്നതാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. അതായിരുന്നു കേഡല്‍ ജീന്‍സെണ്‍ സ്വന്തം മാതാപിതാക്കളിലും സഹോദരിയിലും നടപ്പാക്കിയതെന്നാണ് കരുതുന്നത്.
തന്റെ ആത്മാവിനെ നേരത്തെ തന്നെ ശരീരത്തില്‍ നിന്ന് വിടുവിച്ചു എന്ന് വിശ്വസിക്കുന്ന കേ!ഡല്‍, ഉറ്റവരായ മാതാപിതാക്കളുടെയും സഹോദരിയുടെയും ആത്മാവിനെ തന്റെ ആത്മാവിനോട് ചേര്‍ക്കുകയായിരുന്നു കൊലപാതകത്തിലൂടെ ലക്ഷ്യം വച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ആസ്ട്രല്‍ പ്രോജക്ഷന്‍ സൗജന്യമായി പഠിപ്പിച്ച് തരുന്ന ഒട്ടേറെ സൈറ്റുകളാണ് ഇന്റര്‍നെറ്റില്‍ ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല