സ്വന്തം ലേഖകന്‍: തീരത്തടിഞ്ഞ അഭയാര്‍ഥി കുരുന്നിന്റെ ശവശരീരം കണ്ണുതുറപ്പിച്ചു, അഭയാര്‍ഥികള്‍ക്ക് ഒരു ദ്വീപ് വാങ്ങി നല്‍കുമെന്ന് കോടീശ്വരന്‍. ആരു ഏറ്റെടുക്കാനില്ലാതെ അലയുന്ന അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനായി ഒരു ദ്വീപ് വാങ്ങാന്‍ ഒരുങ്ങുകയാണ് ഈജിപ്ഷ്യന്‍ കോടീശ്വരനായ നഗ്യൂബ് സാവിരിസ്. ഇറ്റാലിയന്‍ തീരത്തോടോ ഗ്രീക്ക് തീരത്തോടോ ചേര്‍ന്ന് കിടക്കുന്ന ദ്വീപുകളിലൊരെണ്ണം വിലയ്‌ക്കെടുത്ത് അഭയാര്‍ഥികള്‍ക്ക് സ്വന്തമായി നല്‍കാമെന്നാണ്
ഈജിപ്തിലെ മാധ്യമ രാജാവായ നഗ്യൂബ് സാവിരിസിന്റെ വാഗ്ദാനം.
ദ്വീപ് വിലക്ക് വാങ്ങി അഭയാര്‍ഥികള്‍ക്ക് നല്‍കാനുള്ള പദ്ധതിയെക്കുറിച്ച് സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെയാണ് നഗ്യൂബ് പുറംലോകത്തെയറിയിച്ചത്. ഗ്രീസോ ഇറ്റലിയോ എനിക്കൊരു ദ്വീപ് നല്‍കുക. ഞാനതിനെ അഭയാര്‍ഥികള്‍ക്കായുള്ള ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റി അവര്‍ക്ക് ജോലിയും നല്‍കാം നഗ്യൂബ് ട്വിറ്ററില്‍ കുറിച്ചു. ഇത്തരമൊരു പദ്ധതിയുമായി ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് താനെന്നും നഗ്യൂബ് വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനും ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളിലായിരുന്നു നഗ്യൂബിന്റെ മറുപടി. തീര്‍ച്ചയായും ഇത് സാധ്യമാണ്. ഇറ്റലിയുടെയും ഗ്രീസിന്റെയും തീരങ്ങളോട് ചേര്‍ന്ന് ഒരുപാട് ദ്വീപുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. 10 മില്യണ്‍ ഡോളര്‍ മുതല്‍ 100 മില്യണ്‍ ഡോളര്‍വരെ ചെലവഴിച്ചാല്‍ ദ്വീപുകള്‍ വാങ്ങാം. ഇവിടെ അഭയാര്‍ഥികള്‍ക്കായി താല്‍ക്കാലിക വാസസ്ഥലങ്ങളൊരുക്കാനാണ് പദ്ധതി. ഇങ്ങനെ വാസസ്ഥലങ്ങളൊരുക്കുമ്പോള്‍ അതുവഴി ആളുകള്‍ക്ക് ജോലി നല്‍കാമെന്നും അദേഹം കണക്കുകൂട്ടുന്നു. എന്നെങ്കിലും ഇവരുടെ സ്വന്തം രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ ഇവര്‍ക്ക് സ്വരാജ്യങ്ങളിലേക്ക് മടങ്ങാമെന്നും അദേഹം വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല