1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2015

സ്വന്തം ലേഖകന്‍: പുരാണ കഥാപാത്രമായ നാരദ മഹര്‍ഷിയാണ് ലോകത്തിലെ ആദ്യ മാധ്യമ പ്രവര്‍ത്തര്‍ത്തകനെന്ന് ആര്‍എസ്എസ്. ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ ആര്‍എസ്എസ് മുഖപത്രമായ ദി ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിലാണ് ഈ അവകാശവാദം.

പാണ്ഡവ രാജാവായ യുധിഷ്ഠിരനോട് ഭരണ രീതികളെ കുറിച്ചും ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കുന്നതു പോലെ നാരദന്‍ ചോദിക്കുന്നതിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് നന്ദമുകാര്‍ തന്റെ പ്രസ്താവനയെ ന്യായീകരിക്കുന്നത്.

പല മേഖലകളിലും നൈപുണ്യമുള്ള വ്യക്തിയാണ് നാരദന്‍. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കുമിടയില്‍ നടക്കുന്ന കാര്യങ്ങള്‍ പരസ്പരമറിയിച്ച് ഏഷണികയറ്റി യുദ്ധം ചെയ്യിപ്പിക്കുന്ന കഥാപാത്രമായാണ് നാരദനെ പുരാണങ്ങളില്‍ ചിത്രീകരിക്കുന്നതെങ്കിലും അസുരനും ദേവനുമൊക്കെ ഒരുപോലെ ബഹുമാനിക്കുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് അദ്ദേഹമെന്നും മുഖ പ്രസംഗത്തില്‍ പറയുന്നു.

ഒരു യഥാര്‍ഥ മാധ്യമ പ്രവര്‍ത്തകന്‍ നാരദ മഹര്‍ഷിയുടെ ഗുണങ്ങളാണ് സ്വാംശീകരിക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. സന്ദര്‍ഭവും സാഹചര്യവും കൃത്യമായും ആഴത്തിലും അപഗ്രഥിക്കാനുള്ള കഴിവ്, വാര്‍ത്തയെ വിശകലനം ചെയ്യുന്നതിനുള്ള കഴിവ്, അനുബന്ധമായുള്ള അറിവുകള്‍ തേടാനും പഠിക്കാനുമുള്ള ശ്രമം, വിഷയത്തില്‍ തുടര്‍ന്നു സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ്, വ്യക്തമായും സ്പഷ്ടമായും വാര്‍ത്തകള്‍ ആവിഷ്‌കരിക്കാനുള്ള കഴിവ് എന്നിങ്ങനെ ലോകത്തിലെ ആദ്യത്തേയും ഏറ്റവും മികവുമുള്ള മാധ്യമ പ്രവര്‍ത്തകനാണ് നാരദ മഹര്‍ഷിയെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പുരാണങ്ങളില്‍ നാരദന്‍ തത്വചിന്തകനും ധര്‍മബോധം ഉള്ളവനും ആയ സന്ദേശവാഹകനായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഭാരതത്തിലെ ദേശീയ ബോധമുള്ള സംഘടനകള്‍ അതുകൊണ്ടുതന്നെ നാരദ ജയന്തി മാധ്യമ പ്രവര്‍ത്തക ദിനമായി ആചരിക്കുന്നുണ്ടെന്നും നന്ദകുമാര്‍ ലേഖനത്തില്‍ അവകാശപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.