സ്വന്തം ലേഖകന്‍: അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുലക്ഷം കോടി രൂപയുടെ സംയുക്തനിധി രൂപീകരിക്കാന്‍ ഇന്ത്യ, യുഎഇ തീരുമാനം. 7500 കോടി ഡോളറിന്റെ സമ്യുക്തനിധി രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ധാരണയായി.
റയില്‍, റോഡ്, ഊര്‍ജം, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപസാധ്യത. അഞ്ചുവര്‍ഷത്തിനകം 60% വ്യാപാരവളര്‍ച്ചയും ലക്ഷ്യമിടുന്നു. ലക്ഷം കോടി ഡോളറിന്റെ (65 ലക്ഷം കോടി രൂപ) നിക്ഷേപ അവസരങ്ങളാണ് ഇന്ത്യ വിദേശനിക്ഷേപകര്‍ക്കായി തുറന്നിട്ടിരിക്കുന്നതെന്നു നേരത്തെ അബുദാബി മസ്ദര്‍ സിറ്റിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
റയില്‍വേയില്‍ വിദേശനിക്ഷേപം നൂറുശതമാനമാക്കി. പ്രതിരോധ നിര്‍മാണ മേഖലയിലും റിയല്‍ എസ്‌റ്റേറ്റ് രംഗത്തും ഒട്ടേറെ അവസരങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 മത്തെ വര്‍ഷമാകുമ്പോഴേക്കും അഞ്ചുകോടി ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു. വലിയ രാജ്യങ്ങള്‍ക്ക് അടിപതറിത്തുടങ്ങിയതോടെ ലോകം ഉറ്റുനോക്കുന്നത് ഏഷ്യയിലേക്കാണ്. ഈ മരുഭൂമിയിലേക്കു ലോകത്തെ കൂട്ടിക്കൊണ്ടു വന്നവരാണു നിങ്ങളെന്നു യുഎഇയെ പ്രകീര്‍ത്തിച്ചു പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ സ്വന്തം പടിവാതില്‍ക്കല്‍ എത്തിക്കുകയാണു ഞങ്ങളുടെയും ലക്ഷ്യം. ഇന്ത്യ അവസരങ്ങളുടെ ലോകമാണ്. 125 കോടി ജനം എന്നതു വലിയ വിപണി മാത്രമല്ല, വലിയ ശക്തി കൂടിയാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ.
കാര്‍ഷിക മേഖലയില്‍ വന്‍ സംഭരണശാലകളും കൂടുതല്‍ ശീതീകരണശാലകളും നിര്‍മിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരണ സൗകര്യമില്ലാതെ നശിക്കുന്നതു കുറ്റകൃത്യത്തിനു തുല്യമാണ്. ഈരംഗത്തു രാജ്യം ഇനിയും ഏറെ മുന്നേറാനുണ്ട്. സ്വകാര്യ–സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കൂടുതല്‍ സംഭരണശാലകള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യ പിന്നിലാണ്. ഇന്ത്യയില്‍നിന്ന് ഒട്ടേറെ വിമാനങ്ങള്‍ യുഎഇയിലേക്കുണ്ടെങ്കിലും വീണ്ടുമൊരു പ്രധാനമന്ത്രി ഇവിടെത്താന്‍ 34 വര്‍ഷം എടുത്തു എന്നതില്‍ ഖേദമുണ്ടെന്നും ഇനി അങ്ങനെയുണ്ടാവില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല