സ്വന്തം ലേഖകൻ: അയോധ്യയിൽ ‘രാം ലല്ല’ ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് ശിലാന്യാസം നടത്തിയത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു.
തുടര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന തിരഞ്ഞെടുത്ത ഒമ്പത് ശിലകള്‍ കൂടി സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിയില്‍നിന്ന് വിമാന മാര്‍ഗം ലഖ്നൗവില്‍ എത്തിയ പ്രധാനമന്ത്രി അയോധ്യയിലെ ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ ആരാധന നടത്തിയതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങിനെത്തിയത്. ക്ഷേത്ര ഭൂമിയില്‍ പ്രധാനമന്ത്രി പാരിജാത വൃക്ഷത്തിന്റെ തൈ നട്ടതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. 12.05 മുതല്‍ ഒരുമണിക്കൂര്‍ നീണ്ടുനിന്ന് ചടങ്ങിന് ശേഷമാണ് മോദി വെള്ളി ശില സ്ഥാപിച്ചത്. 135 സന്യാസികള്‍ അടക്കം 185 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
അയോധ്യയിലെ സകേത് കൊളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകള്‍ക്ക് നേര്‍സാക്ഷ്യം വഹിച്ചത്. കൊവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല