സ്വന്തം ലേഖകന്‍: അതിര്‍ത്തി പുകയുമ്പോള്‍ കസാഖിസ്ഥാനില്‍ കുശലം പറഞ്ഞ് നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും, കൂടിക്കാഴ്ച 17 മാസത്തെ ഇടവേളക്കു ശേഷം. രണ്ടു ദിവസത്തെ ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കസാഖ്‌സ്താനിലെ അസ്താനയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി കണ്ടത്.
ഇരുവരും അഭിസംബോധന ചെയ്ത് കുശലാന്വേഷണം നടത്തി. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ നവാസ് ശരീഫിന്റെ ആരോഗ്യത്തെക്കുറിച്ച് മോദി ചോദിച്ചറിഞ്ഞതായാണ് വിവരം. നവാസ് ശരീഫിന്റെ മാതാവിനെയും കുടുംബത്തെയും കുറിച്ചും മോദി അന്വേഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരുടെയും അഞ്ചാമത് കൂടിക്കാഴ്ചയുമായി കസാഖിസ്ഥാനിലലേത്.
രാഷ്ട്രത്തലവന്മാര്‍ക്കായി നല്‍കിയ വിരുന്നിനിടെയാണ് ഇരുവരും കണ്ടത്. കസാഖിസ്ഥാന്‍ പ്രസിഡന്റ് നൂര്‍ സുല്‍ത്താന്‍ നസര്‍ബയേവ് ആണ് വിരുന്ന് ഒരുക്കിയത്. നരേന്ദ്ര മോദി, നവാസ് ശരീഫ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ രാഷ്ട്രത്തലവന്മാര്‍ക്കാണ് കസാഖ്‌സ്താന്‍ പ്രസിഡന്റ് വിരുന്ന് നല്‍കിയത്.
അതേസമയം, കുശലാന്വേഷണത്തിനപ്പുറം മോദി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരരണം ഒന്നുമില്ല. ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ചയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു നിര്‍ദേശം രണ്ടു ഭാഗത്തുനിന്നും ഇപ്പോഴില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്ലെ പറഞ്ഞു.
മധ്യേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക സഖ്യമായ എസ്.സി.ഒയില്‍ ഇന്ത്യക്കും പാകിസ്താനും സ്ഥിരാംഗത്വം അനുവദിച്ചേക്കും. ചൈന, കിര്‍ഗിസ്താന്‍, കസാഖ്‌സ്താന്‍, റഷ്യ, ഉസ്ബകിസ്താന്‍, തജികിസ്താന്‍ എന്നീ രാജ്യങ്ങളാണ് മറ്റ് അംഗങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല