സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനം, സേനാ വിഭാഗങ്ങളെ പ്രശംസിച്ചും തൃപ്തി പ്രകടിപ്പിച്ചും പ്രധാനമന്ത്രി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, കര വ്യോമസേന മേധാവികളും മോഡിയെ അനുഗമിച്ചു.
വ്യോമകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തെ വിവിധ സേനാ വിഭാഗങ്ങള്‍ നേരിട്ട രീതിയില്‍ സംതൃപ്തി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ആക്രമണവുമായി ബന്ധപ്പെട്ട് വിവിധ സേനാവിഭാഗങ്ങള്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യത്തെയും ഏകോപന പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങള്‍ നോക്കി കണ്ട പ്രധാനമന്ത്രി പ്രത്യേക ഹെലികോപ്റ്ററില്‍ അതിര്‍ത്തി പ്രദേശങ്ങളിലും വ്യോമനിരീക്ഷണം നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് എയര്‍ കമാന്‍ഡര്‍ ജെ.എസ് ധാമൂന്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നല്‍കി. ഭീകരരെ നേരിട്ട രീതിയും വ്യോമതാവളത്തിലും പരിസരത്തും ഇപ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം വിശദമായി വിവരിച്ചു. ആക്രമണ സമയത്ത് അവര്‍ സ്വീകരിച്ച നടപടികളും കൈകൊണ്ട തീരുമാനങ്ങളും അതിന്റെ നടത്തിപ്പും തൃപ്തി നല്‍കുന്നതാണെന്നും സന്ദര്‍ശനത്തിന് ശേഷം മോഡി ട്വിറ്ററിലൂടെ പ്രതികരിച്ചു.
തുടര്‍ന്ന് ഭീകരാക്രമണത്തില്‍ പരുക്കേറ്റ സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തി. സൈനികരെ നേരിട്ട് കാണുമെന്നറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ നേരിട്ട് കണ്ടിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല