സ്വന്തം ലേഖകന്‍: അല്‍ ഖ്വയിദ വീഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും പരാമര്‍ശം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ആഗോള തലത്തില്‍ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്ന് വീഡിയോയില്‍ പറയുന്നു.
മെയ് രണ്ടിന് അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ഘടകം പുറത്തുവിട്ട വീഡിയോയിലാണ് പ്രധാനമന്ത്രി മോദിക്കെതിരായ പരാമര്‍ശമുള്ളത്. തീവ്രവാദ സംഘടനകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന അമേരിക്കന്‍ വെബ്സൈറ്റായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ലോകബാങ്ക്, ഐഎംഎഫിന്റെ നയങ്ങള്‍, ഡ്രോണ്‍ ആക്രമണം, ചാര്‍ലി എബ്ദോയുടെ കാര്ട്ടൂണുകള്, നരേന്ദ്രമോഡിയുടെ പ്രസംഗങ്ങള്‍ എന്നിവയിലൂടെയെല്ലാം മുസ്ലിംകള്ക്കെതിരെ യുദ്ധം നടക്കുകയാണെന്ന് സന്ദേശം പറയുന്നു.
അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ മേധാവി അസിം ഉമറിന്റേതാണ് സന്ദേശം. ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരനായ ബ്ലോഗര്‍ അവിജിത് റോയിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും അല്‍ ഖ്വയിദ ഇന്ത്യന്‍ ഘടകം ഏറ്റെടുത്തു. വീഡിയോയുടെ ആധികാരികത സംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് അന്വേഷിച്ചു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല