സ്വന്തം ലേഖകൻ: ബഹിരാകാശ ചരിത്രത്തിലാദ്യമായി സ്ത്രീകൾ മാത്രമായി ബഹിരാകാശത്ത് നടന്നു (സ്പേസ് വോക്). യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കൊക്, ജെസിക്ക മെയ്ർ എന്നിവരാണ് ഇന്നലെ ബഹിരാകാശനിലയത്തിനു പുറത്തിറങ്ങിയത്. നിലയത്തിന്റെ കേടായ ബാറ്ററി ചാർജ് – ഡിസ്ചാർജ് യൂണിറ്റ് മാറ്റിവയ്ക്കലായിരുന്നു ദൗത്യം.
മുൻപ് സ്ത്രീകൾ നടത്തിയപ്പോഴെല്ലാം കൂടെ ഒരു പുരുഷൻ ഉണ്ടായിരുന്നു. ഇത്തവണ ആ ചരിത്രം മാറി. 1984ൽ റഷ്യൻ ബഹിരാകാശ സഞ്ചാരി സ്വെറ്റ്‍ലാന സവിറ്റ്സ്‍കയയാണ് ആദ്യ സ്പേസ് വോക് നടത്തിയ വനിത. അതേ വർഷം നാസയിലെ കാത്തി സള്ളിവനും ബഹിരാകാശ നടത്തം പൂർത്തിയാക്കി. അതിനുശേഷം ഇതുവരെ 12 വനിതാ ബഹിരാകാശ യാത്രികർ ബഹിരാകാശത്ത് നടന്നിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 8 വനിതാ ദിനത്തിൽ മറ്റൊരു ബഹിരാകാശയാത്രികയായ ആൻ മക്ലൈനും ക്രിസ്റ്റീന കൊകും ബഹിരാകാശ നടത്തത്തിന് പദ്ധതിയിട്ടെങ്കിലും ബഹിരാകാശവസ്ത്രം ഒരാൾക്ക് പാകമാകാതെ വന്നതിനാൽ ദൗത്യം ഉപേക്ഷിച്ചു.
ക്രിസ്റ്റീനയേയും ജസീക്കയേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. അസാധ്യ ധൈര്യശാലികളാണ് നിങ്ങളെന്നും ഇക്കാര്യം ചെയ്യണമെന്ന് തനിക്ക് ഒരിക്കല്‍ പോലും തോന്നില്ലെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയാണ് ബാറ്ററി സംവിധാനത്തിന് തകരാര്‍ സംഭവിച്ചത് . ഒക്ടോബര്‍ 21ന് നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തം നേരത്തെയാക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറാണ് ക്രിസ്റ്റീന. ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശത്ത് കഴിഞ്ഞതിന്റെ റെക്കോര്‍ഡും ക്രിസ്റ്റീനക്ക് അരികിലാണ്. മറൈന്‍ ബയോളജിയില്‍ ഡോക്ടറേറ്റുള്ള ജസീക്കയുടെ ആദ്യ ബഹിരാകാശ നടത്തമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല