സ്വന്തം ലേഖകൻ: മനുഷ്യരെ ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ആർട്ടിമിസ് 1 ദൗത്യം വീണ്ടും മാറ്റിവച്ചു. ഇന്ധന ടാങ്കിൽനിന്നുള്ള ഹൈഡ്രജൻ ചോർച്ച പരിഹരിക്കാൻ എൻനീയർമാർക്ക് കഴിയാത്തതിനെ തുടർന്നാണ് രണ്ടാഴ്ചയ്ക്കിടെ രണ്ടാം വട്ടവും ദൗത്യം മാറ്റിയത്. ഓഗസ്റ്റ് 29 നും ഇതേ പ്രശ്നത്തെ തുടർന്ന് ദൗത്യം നടത്താൻ കഴിഞ്ഞിരുന്നില്ല.
”റോക്കറ്റിന്റെ ഹൈഡ്രജൻ ഇന്ധന ടാങ്ക് നിറയ്ക്കാൻ തുടങ്ങുമ്പോഴാണു ചോർച്ച കണ്ടെത്തിയത്. ചോർച്ച പരഹരിക്കാൻ തുടരെ തുടരെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എഞ്ചിനീയർമാർ അധിക ഡാറ്റ ശേഖരിക്കുന്നത് തുടരുകയാണ്,” നാസ അവരുടെ വെബ്സൈറ്റിൽ പറഞ്ഞു.
ഓഗസ്റ്റ് 29 നും റോക്കറ്റിന്റെ നാല് എഞ്ചിനുകളിൽ ഒന്നിന് ഇതേ പ്രശ്നമുണ്ടായിരുന്നു. ഒരാഴ്ചയോളം, നാസ എൻജിനീയർമാർ ഇത് ശരിയാക്കാൻ പ്രവർത്തിക്കുകയും പ്രശ്നം പരിഹരിച്ചതായി കരുതുകയും ചെയ്തു. എന്നാൽ ശനിയാഴ്ച രാത്രി വിക്ഷേപണത്തിന് മുന്നോടിയായുള്ള ഇന്ധനം നിറയ്ക്കുന്നതിനിടയിൽ ഹൈഡ്രജൻ ചോർച്ച ഒന്നിലധികം തവണയുണ്ടായി.
മൂന്നാം തവണയും ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ദൗത്യം മാറ്റിവയ്ക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ സമയം 11.47 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ 8.47 നു തന്നെ വിക്ഷേപണം മാറ്റിവച്ചതായി നാസ അറിയിച്ചു. ഇതൊരു പുതിയ റോക്കറ്റാണ്, പല വിക്ഷേപണങ്ങളും ആദ്യ ശ്രമത്തിൽ വിജയിക്കില്ല. പരാജയം അപ്രതീക്ഷിതമായിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച ആദ്യ ശ്രമത്തിന് മുമ്പ് തന്നെ ചില വിദഗ്ധർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നാസയുടെ ബഹിരാകാശയാത്രികരുടെ സ്പേസ് എക്‌സിന്റെ ആദ്യ വിക്ഷേപണം കൗണ്ട്ഡൗണിന്റെ അവസാന മിനിറ്റിലെത്തി നിൽക്കെ മാറ്റിവച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് ആർട്ടിക്കിളിൽ പറയുന്നു. കാലാവസ്ഥയെയാണ് അന്നു കുറ്റപ്പെടുത്തിയത്. പിന്നീട്, മൂന്ന് ദിവസത്തിന് ശേഷം വിക്ഷേപണം നടന്നു. രണ്ടാം ശ്രമത്തിലും ധാരാളം വിക്ഷേപണങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഹൈഡ്രജൻ ചോർച്ച സംഭവിക്കാമെന്ന് റിപ്പോർട്ട് പറയുന്നു.
മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ആർട്ടിമിസ് 1 ദൗത്യം. അതിനാൽ തന്നെ നാസ വീണ്ടും ശ്രമം തുടരും. ഞങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ പോകും. അതുവരെ ഞങ്ങൾ പോകുന്നില്ല… ഇത് (ലോഞ്ച് ഹോൾഡ്ബാക്കുകൾ) സ്പേസ് ബിസിനസിന്റെ ഭാഗമാണ്… ഞങ്ങൾ സ്‌ക്രബുകൾക്ക് തയ്യാറായിരിക്കണം (വിക്ഷേപണം നിർത്തുന്നത്),” നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ നാസ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മിഷൻ മാനേജ്‌മെന്റ് ടീം എല്ലാ സാധ്യതകളും പര്യവേക്ഷണം ചെയ്യുമെന്നും എന്നാൽ വിക്ഷേപണം ഒക്ടോബറിൽ നടക്കാനാണ് സാധ്യതയെന്നും നെൽസൺ പറഞ്ഞു. ”ഒക്ടോബറിൽ ഇത് സംഭവിക്കുകയാണെങ്കിൽ, ഒക്‌ടോബർ ആദ്യം ലോഞ്ച് വിൻഡോ തുറക്കുമെങ്കിലും, ഒക്‌ടോബർ പകുതിയോടെ അത് സംഭവിക്കും, ”അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല