സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും വിശാലവും വൈവിധ്യപൂർണ്ണവുമായ രാജ്യാന്തര ബഹിരാകാശ പര്യവേക്ഷണ പരിപാടിയായ ആര്‍ട്ടിമിസ് പദ്ധതിയിൽ ഭാഗമായി ഇന്ത്യയും. 2025-ൽ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും അയയ്ക്കുന്നത് ഉൾപ്പെടുന്ന ആർട്ടെമിസ് പ്രോഗ്രാമിന് നാസ നേതൃത്വം നൽകുമ്പോൾ ആര്‍ട്ടിമിസ് കരാറില്‍ ഒപ്പുവച്ച ഇരുപത്തിയേഴാമെത്തെ രാജ്യമായി മാറി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുത്തവര്‍ഷം നാസയുടേയും ഐഎസ്ആര്‍ഒയുടേയും സംയുക്ത ദൗത്യം നടക്കും. 1967ലെ ബഹിരാകാശ ഉടമ്പടി അടിസ്ഥാനപ്പെടുത്തിയാണ് അമേരിക്ക ആര്‍ട്ടിമിസ് പദ്ധതിയും തയ്യാറാക്കിയിരിക്കുന്നത്. ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് പ്രഖ്യാപിക്കുന്ന ‘ബഹിരാകാശ ഉടമ്പടി’യില്‍ ഇതുവരെ 113 രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്.
2025ല്‍ വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുകയെന്നതാണ് ആര്‍ട്ടിമിസ് ദൗത്യം കൊണ്ട് നാസ ലക്ഷ്യമിടുന്നത്. ഈ ദൗത്യവുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്. ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത ബഹിരാകാശ ദൗത്യത്തിനായി നാസയും ഐഎസ്ആര്‍ഒയും ഈ വര്‍ഷം തന്നെ സഹകരണം വിപുലപ്പെടുത്തും.
സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്തും ഇന്ത്യയും അമേരിക്കയും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. ഇന്ത്യന്‍ നാഷണല്‍ സെമികണ്ടക്ടര്‍ മിഷന്റെ പിന്തുണയുള്ള മൈക്രോണ്‍ ടെക്‌നോളജി ഇന്ത്യയില്‍ സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് സംവിധാനം തുടങ്ങാന്‍ 800 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ അധികൃതരില്‍ നിന്നും 2.75 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നുണ്ട്. ഇതിനു പുറമേ അമേരിക്കന്‍ കമ്പനികളായ അപ്ലൈഡ് മെറ്റീരിയല്‍സ്, ലാംപ് റിസര്‍ച്ച് തുടങ്ങിയവ സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വേണ്ട പരിശീലനം നല്‍കും.
സെമി കണ്ടക്ടറുകളുടെ അടക്കം നിര്‍മാണത്തില്‍ നിര്‍ണായകമായ ധാതുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് മിനറല്‍ സെക്യൂരിറ്റി പാട്ണര്‍ഷിപ്പില്‍ ഇന്ത്യയുടെ സഹകരണവും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ആധുനിക കമ്പ്യൂട്ടിംങ്, നിര്‍മിത ബുദ്ധി, ക്വാണ്ടം ഇന്‍ഫൊര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ ഇന്ത്യയും അമേരിക്കയും സഹകരിക്കും. 5ജി, 6ജി സാങ്കേതികവിദ്യകളിലും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല