സ്വന്തം ലേഖകന്‍: 200 ദിവസത്തെ ബഹിരാകാശ വാസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കാല് നിലത്തുറയ്ക്കുന്നില്ല; വീഡിയോ പുറത്തുവിട്ട് ബഹിരാകാശ സഞ്ചാരി. സോയുസ് എംഎസ്09ല്‍ തിരിച്ചെത്തിയ മൂന്നു ബഹിരാകാശ യാത്രികരില്‍ ഒരാളായ എ.ജെ ഫ്യൂസ്റ്റല് ആണ് സ്വന്തം വീഡിയോ പുറത്തുവിട്ടത്. 197 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഭൂമിയില്‍ തിരിച്ചെത്തിയത്.
എന്നാല്‍ ഭൂമിയിലെത്തിയ ശേഷം നടക്കുന്നതിന് കടുത്ത പ്രയാസമാണ് ഫ്യൂസ്റ്റല് നേരിട്ടത്. തറയില്‍ കാലുറപ്പിച്ച് നടക്കുന്നതിനുള്ള നിയന്ത്രണം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. കൊച്ചു കുട്ടികളെപ്പോലെ പിച്ചവെച്ചു നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തിവിട്ട വീഡിയോയിലുള്ളത്. ട്വിറ്ററിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ ചുവടും എടുത്തുവെച്ച് ശ്രദ്ധയോടെ നടക്കുന്ന അദ്ദേഹം പലപ്പോഴും വീഴാനായുന്നുമുണ്ട്.
മാസങ്ങളോളം ശരീരത്തിലെ പേശികള്‍ ഉപയോഗിക്കാതിരുന്നതു മൂലമുണ്ടായ താല്കാലികമായ അവസ്ഥയാണിത്. ഗുരുത്വാകര്‍ഷണ ബലത്തിലുള്ള വ്യത്യാസം മൂലം വസ്തുക്കളുടെ ഭാരം അനുഭവപ്പെടാതാകുന്നതാണ് ഇതിനു കാരണം. മാസങ്ങളോളം ബഹിരാകാശത്ത് ചെലവഴിച്ച് തിരിച്ചെത്തുന്ന ബഹിരാകാശ യാത്രികര്‍ക്ക് ഇത് ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പിന്നീട് ഫ്യൂസ്റ്റല് നടക്കുന്നതിനുള്ള ശേഷി വീണ്ടെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല