സ്വന്തം ലേഖകൻ: ആകാശത്ത് ദൃശ്യമായ അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുതിയ ഡയറക്ടറെ നിയമിച്ച് നാസ. നാസ മേധാവി ബില്‍ നെല്‍സണാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഡയറക്ടറുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങള്‍ അഥവാ അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിനന്‍ -യുഎപി എന്നാണ് അജ്ഞാതമായ പറക്കുന്ന വസ്തുക്കളെ കാണുന്ന സംഭവങ്ങള്‍ക്കുള്ള ഔദ്യോഗിക വിശേഷണം. അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജക്ട് അഥവാ യുഎഫ്ഒ എന്നും പൊതുവില്‍ ഇത്തരം അജ്ഞാത വസ്തുക്കള്‍ അറിയപ്പെടാറുണ്ട്.
അതേസമയം ഈ വിഷയത്തില്‍ വിശദ പഠനത്തിന് ചുമതലപ്പെടുത്തിയ വിദഗ്ദ സമിതിക്ക് ഇതുവരെ കണ്ട യുഎഫ്ഒകള്‍ക്ക് ഏതെങ്കിലും അന്യഗ്രഹങ്ങളുമായി ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് ബില്‍ നെല്‍സണ്‍ പറയുന്നു. 2022 ചുമതലപ്പെടുത്തിയ വിദഗ്ദ സംഘത്തില്‍ 16 പേരാണുണ്ടായിരുന്നത്. അതേസമയം യുഎപി കളെ കുറിച്ചുള്ള വിവര ശേഖരണത്തിനായുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കണം എന്നും അവയെ കണ്ടെത്താന്‍ പെന്റഗണിനെ സഹായിക്കണം എന്നുമുള്ള വിദഗ്ദ സംഘത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഗവേഷണങ്ങള്‍ക്ക് പുതിയ മേധാവിയെ ചുമതലപ്പെടുത്തിയത്.
‘ആഗോളതലത്തില്‍ യുഎപികളോട് വലിയ താല്‍പര്യമുണ്ട്. എന്റെ യാത്രകളില്‍ ഉടനീളം ഞാന്‍ പലപ്പോഴും ഇത്തരം വസ്തുക്കളെ കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കാറുണ്ട്. അവയുടെ അജ്ഞാതത്വമുള്ള സ്വഭാവമാണ് ആ താല്‍പര്യത്തിനുള്ള പ്രധാന കാരണമായി തോന്നുന്നത്.’ നെല്‍സണ്‍ പറയുന്നു. ഈ പ്രപഞ്ചം എത്രവലുതാണ് എന്ന് എനിക്ക് പറയാനാവില്ല. ആ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ജീവന്‍ ഉണ്ടോ എന്ന് വിശ്വസിക്കുന്നുവോ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ ‘വിശ്വസിക്കുന്നു’ എന്നായിരിക്കും തന്റെ മറുപടി എന്നും നെല്‍സണ്‍ പറഞ്ഞു. എന്നാല്‍ മറ്റ് ഗ്രഹങ്ങളില്‍ നിന്നുള്ള ജീവികള്‍ ഭൂമി സന്ദര്‍ശിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൗതിക ശാസ്ത്രം മുതല്‍ ആസ്‌ട്രോ ബയോളജിയില്‍ വരെ വിദഗ്ദരായവര്‍ അടങ്ങുന്ന സംഘമാണ് യുഎപികളെ കുറിച്ച് പഠിച്ചത്. ഇതുവരെ കണ്ടെത്തിയ യുഎപികള്‍ അന്യഗ്രങ്ങളില്‍ നിന്നുള്ളതാണ് എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ നാസയുടെ വിദഗ്ദ സമിതിക്ക് സാധിച്ചിട്ടില്ല. ഈ യുഎപികള്‍ എന്താണെന്നും നമുക്കറിയില്ല. എന്ത് തന്നെ കണ്ടെത്തിയാലും അത് നിങ്ങളോട് പറയുമെന്നും നെല്‍സണ്‍ പറഞ്ഞു. ഭാവിയില്‍ കണ്ടെത്തിയേക്കാവുന്ന യുഎപികളെ കുറിച്ചുള്ള പഠനങ്ങള്‍ക്കായുള്ള കേന്ദ്രീകൃത ആശയവിനിമയം, വിഭവങ്ങള്‍, വിവര വിശകലന സംവിധാനങ്ങള്‍, ഡാറ്റാബേസ് എന്നിവ കൈകാര്യം ചെയ്യുക പുതിയ ഡയറക്ടറായിരിക്കും.
ബലൂണുകളോ വിമാനങ്ങളോ അറിയപ്പെടുന്ന പ്രകൃതി പ്രതിഭാസങ്ങളോ ശാസ്ത്രീയ വീക്ഷണകോണിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്ത ആകാശത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള പഠന, നിരീക്ഷണങ്ങൾക്കാണ് നാസ സ്വതന്ത്ര പഠനത്തിന് സമിതിയെ നിയോഗിച്ചത്. നാസ ഇപ്പോഴും റിപ്പോർട്ട് വിലയിരുത്തുകയും സ്വതന്ത്ര പഠന സംഘത്തിന്റെ കണ്ടെത്തലുകളും ശുപാർശകളും വിലയിരുത്തലുകളും ഫെഡറൽ ഗവൺമെന്റിന്റെ ഏകീകൃത യുഎപി ഗവേഷണ പദ്ധതിയ്ക്ക് നിർണായക വിവരങ്ങൾ നൽകുമെന്നാണ് കണക്കുകൂട്ടൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല