സ്വന്തം ലേഖകന്‍: 2030 ല്‍ മനുഷ്യനെ ചൊവ്വയിലിറക്കാന്‍ നാസയുടെ പദ്ധതി, രൂപരേഖ പുറത്തുവിട്ടു. അതീവ വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ് മനുഷ്യനെ ചൊവ്വയിലേക്കാനുള്ള പ്രവര്‍ത്തനമെങ്കിലും, ‘പരിഹരിക്കാന്‍ കഴിയുന്നവ’യാണ് അത്തരം പ്രശ്‌നങ്ങളെന്ന് നാസയുടെ രേഖ പറയുന്നു.
ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ബജറ്റിന് യു.എസ്.കോണ്‍ഗ്രസ്സുമായി നാസയുടെ ചര്‍ച്ച നടക്കാനിരിക്കുകയാണ് രേഖ പുറത്തുവന്നത്.
അടുത്തയാഴ്ച ജറുസലേമില്‍ നടക്കാനിരിക്കുന്ന സ്‌പേസ് ഇന്‍ഡസ്ട്രി നേതാക്കളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായാണ് സുപ്രധാന രേഖ നാസ പുറത്തുവിട്ടത്. ‘NASA’s Journey to Mars: Pioneering Next Steps in Space Exploration’ എന്ന പേരിലുള്ള രേഖയില്‍ ‘നേടിയെടുക്കാവുന്ന ലക്ഷ്യം തന്നെയാണ് ചൊവ്വ’യെന്ന് നാസ വിശ്വാസം പ്രകടിപ്പിക്കുന്നു.
എന്നാല്‍, സുപ്രധാനമായ വിശദാംശങ്ങളുടെ കാര്യത്തില്‍ നാസയുടെ രേഖ ദുര്‍ബലമാണെന്ന് ചില വിദഗ്ധര്‍ കരുതുന്നു. ‘ഭക്ഷണം’, ‘വായു’ തുടങ്ങിയ സംഗതികളെക്കുറിച്ച് നാസ അതിന്റെ രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍, ബഹിരാകാശ സഞ്ചാരികള്‍ എങ്ങനെ അവിടെ ഭക്ഷ്യവസ്തുക്കളുണ്ടാക്കി അതിജീവനം നടത്തുമെന്ന കാര്യം വിശദീകരിക്കുന്നില്ലെന്ന്, സേഥി ( SETI ) യില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ റുമ്മെല്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഒട്ടേറെ പഴുതുകള്‍ നാസയുടെ പദ്ധതിയിലുണ്ട്.
സമീപഭാവിയില്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ ചൊവ്വയിലേക്കയ്ക്കുന്ന കാര്യത്തില്‍ നാസ ലക്ഷ്യത്തോട് അടുക്കുകയാണെന്ന്, നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
യു.എസ്.കോണ്‍ഗ്രസ്സ് അംഗങ്ങളുമായി ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്ന കാര്യമാണ് ഇപ്പോള്‍ തന്റെ മുന്നിലുള്ളതെന്ന് ബോല്‍ഡന്‍ അറിയിച്ചു. മാത്രമല്ല, അടുത്തയാഴ്ച ‘ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ കോണ്‍ഗ്രസി’ല്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പങ്കാളികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല