സ്വന്തം ലേഖകന്‍: ഒടുവില്‍ നാസ രഹസ്യം പുറത്തുവിട്ടു, ചൊവ്വയില്‍ ഒഴുകുന്ന വെള്ളത്തിന്റെ സാന്നിധ്യമുണ്ട്. വേനല്‍ക്കാലത്ത് ഉപരിതലത്തിലെ ചൂടുകൂടുമ്പോള്‍ ചൊവ്വയുടെ ഭൂമധ്യരേഖാ പ്രദേശത്ത് മലയിടുക്കുകളുടെയും കുന്നുകളുടെയും മുകളില്‍നിന്ന് വെള്ളം ഒഴുകുന്നതായി കണ്ടെത്തി. നൂറുമീറ്റര്‍വരെ നീളത്തില്‍ നേര്‍ത്ത ഇരുണ്ടപാടുകളായാണ് ചിത്രത്തില്‍ ഇവ കാണുന്നത്.
ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യത ഇതോടെ വര്‍ധിച്ചതായി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.തണുപ്പുകൂടുമ്പോള്‍ ഈ പാടുകള്‍ അപ്രത്യക്ഷമാകും. ലവണാംശമുള്ള ജലമായതിനാലാകാം ഇത്. ലവണാംശം വെള്ളത്തിന്റെ ദ്രവണാങ്കം കുറയാനിടയാക്കും. മണ്ണിനടിയിലെ ഐസ് ഉരുകിയോ ലവണാംശമുള്ള പാറകള്‍ക്കുള്ളില്‍നിന്നോ ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് ഘനീഭവിച്ചുണ്ടാകുന്നതോ ആകാം ഇതെന്നാണ് കരുതുന്നതെന്ന് നാസയുടെ ചൊവ്വ പര്യവേക്ഷണത്തിന് നേതൃത്വം നല്‍കുന്ന മൈക്കല്‍ മേയര്‍ പറഞ്ഞു.
ഒഴുകുന്ന ജലത്തിന്റെ സാന്നിധ്യം ജീവന്‍ കണ്ടെത്താനുള്ള സാധ്യതകൂടിയ സ്ഥലം തിരിച്ചറിയാന്‍ സഹായിക്കും. ഭാവിയില്‍ നാസയും മറ്റ് ഏജന്‍സികളും മനുഷ്യരെ അയയ്ക്കുകയാണെങ്കില്‍ എവിടെ ഇറങ്ങണമെന്ന് തീരുമാനിക്കാനും ഇത് സഹായിക്കും.ചൊവ്വയില്‍ വെള്ളം ഒഴുകിയിരുന്നതായി മുമ്പുനടന്ന പര്യവേക്ഷണങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. 1970കളില്‍ എടുത്ത ചിത്രങ്ങളില്‍ വരണ്ടുപോയ പുഴയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ചൊവ്വയുടെ വടക്കേ പകുതിയില്‍ പകുതിഭാഗവും മൂടിയനിലയില്‍ സമുദ്രം ഉണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നാസയുടെ മാര്‍സ് റികൊണൈസന്‍സ് ഓര്‍ബിറ്ററില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. 2006 മുതല്‍ മാര്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയെ പ്രദക്ഷിണം ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല