സ്വന്തം ലേഖകൻ: നാസ പ്ലസ് (NASA+) എന്ന പേരില്‍ പുതിയ സ്ട്രീമിങ് സേവനം ആരംഭിച്ച് നാസ. നാസയുടെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം പൂര്‍ണമായും സൗജന്യമാണ്. പരസ്യങ്ങളും ഉണ്ടാവില്ല. വെബ് ബ്രൗസര്‍ വഴിയും നാസ ആപ്പ് വഴിയും സേവനം ആസ്വദിക്കാനാവും. plus.nasa.gov എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ നാസ പ്ലസ് വെബ്‌സൈറ്റിലെത്താം.
ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളും ലഭ്യമാണ്. ആപ്പിള്‍ ടിവി, റോകു എന്നീ പ്ലാറ്റ്‌ഫോമുകളിലും നാസ പ്ലസ് ലഭിക്കും. നിലവില്‍ നാസ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും. ബഹിരാകാശം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് നാസ പ്ലസില്‍ ഉണ്ടാവുക. ഒറിജിനല്‍ സീരീസുകളും അക്കൂട്ടത്തിലുണ്ടാവും.
കഴിഞ്ഞ ജൂലായില്‍ തന്നെ നാസ പ്ലസ് എന്ന പേരില്‍ സ്ട്രീമിങ് സേവനം അവതരിപ്പിക്കുന്ന വിവരം നാസ പുറത്തുവിട്ടിരുന്നു. ജെയിംസ് വെബ് ദൂരദര്‍ശിനിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള ഗ്രഹങ്ങള്‍, പ്രപഞ്ചം, നാസയെ കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചുമുള്ള ആനിമേറ്റഡ് പരിപാടികള്‍ എന്നിവയും നാസ പ്ലസിലുണ്ടാവും.
ആര്‍ട്ടെമിസ് സ1, അതര്‍ വേള്‍ഡ്‌സ്: പ്ലാനെറ്റ്‌സ്, ഫസ്റ്റ് ലൈറ്റ് ഉള്‍പ്പടെയുള്ള ഡോക്യുമെന്ററികളും പ്ലാറ്റ്‌ഫോമിലുണ്ട്. നിലവില്‍ എച്ച്ഡി റസലൂഷനിലുള്ള ഉള്ളടക്കങ്ങള്‍ മാത്രമാണ് നാസ പ്ലസിലുള്ളത്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലുള്ളവയാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും. വിവിധ പരിപാടികളുടെ തത്സമയ സ്ട്രീമിങും നാസ പ്ലസിലുണ്ടാവും. നാസയുടെ ദൗത്യങ്ങളോടും ബഹിരാകാശ ശാസ്ത്ര വിഷയങ്ങളോടും താല്‍പര്യമുള്ളവര്‍ക്ക് മികച്ചൊരു പ്ലാറ്റ്‌ഫോമായിരിക്കും ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല