സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയിലും അമേരിക്കയ്ക്ക് ഇപ്പോഴും താല്പര്യം ബഹിരാകാശ ഗവേഷണങ്ങള്ക്കാണെന്ന് തോന്നുന്നു. കാരണം ചൊവ്വയില്‍ ജീവന്റെ തുടിപ്പുതേടി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ പേടകം ക്യൂരിയോസിറ്റി നാളെ രാവിലെ യാത്ര തിരിക്കുകയാണ്.
ഒരു കാറിന്റെ വലിപ്പമുള്ള പേടകം ഒന്‍പതു മാസത്തെ യാത്രയ്ക്കുശേഷമാണ് ചൊവ്വയിലെത്തുക. രണ്ടു വര്‍ഷത്തെ ആയുസ്സ് പ്രതീക്ഷിക്കുന്ന പേടകത്തില്‍ പത്ത് അത്യാധുനിക പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. ചൊവ്വയിലെ ‘ഗെയ്ല് ഗര്‍ത്തത്തിലാണ് ഇത് ഇറങ്ങുക. 154 കിലോമീറ്റര്‍ വീതിയുള്ള ഗര്‍ത്തമാണ് ഗെയ്ല്. 4.8 കിലോമീറ്റര്‍ ഉയരത്തിലുള്ള പര്വതാവശിഷ്ടങ്ങളാണ് ഗര്‍ത്തത്തിലുള്ളത്.
യന്ത്രക്കൈ കൊണ്ട് ഇവിടത്തെ മണ്ണു ശേഖരിച്ച് പേടകത്തിലെ ലബോറട്ടറിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ക്യൂരിയോസിറ്റിയില്‍ സംവിധാനമുണ്ട്. ചൊവ്വ മണ്ണിലെ മൂലകങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുകയെന്ന് മാഴ്സ് സയന്‍സ് ലാബ് പ്രോജക്ട് മാനേജര്‍ പീറ്റര്‍ തെയ്സിങ്ങര് പറഞ്ഞു. മുന്‍പ് ചൊവ്വയിലെത്തിയ സ്പിരിറ്റ്, ഒപ്പര്ച്ച്യൂണിറ്റി പേടകങ്ങള്‍ ജലത്തിന്റെ സാധ്യതകളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ജലസാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല