സ്വന്തം ലേഖകൻ: സൂപ്പര്‍ സോണിക് വ്യോമയാന വിദ്യ വികസിപ്പിക്കാന്‍ മേല്‍നോട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കയുടെ നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാസ). മാച്ച് രണ്ടിനും (Mach2), മാച് നാലിനും( സ്വരത്തിന് ആനുപാതികമായി വേഗത അളക്കുന്ന നമ്പര്‍ ആണ് മാച്) ഇടയില്‍ അറ്റ്‌ലാന്റിക്കിനു കുറുകെ മണിക്കൂറില്‍ 1,535-3,045 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനായിരിക്കും ശ്രമം. (ഒരു എഫ്-18 യുദ്ധ വിമാനത്തിന്റെ പരമാവധിവേഗത മാച് 1.8 ആണ്).
ആദ്യ ഘട്ട ഗവേഷണം 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നാസ ശ്രമിക്കുന്നതത്രെ. ബോയിങ്, റോള്‍സ്-റോയ്‌സ് തുടങ്ങിയ കമ്പനികളാണ് പുതിയ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ നാസയെ സഹായിക്കുക. പക്ഷേ നിര്‍മിക്കാനുള്ള ശ്രമത്തിന്റെ പ്രാരംഭ ഘട്ടം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതു കൂടാതെ, അത്തരം ഒരു വിമാനം നിര്‍മ്മിക്കാന്‍ നാസ സ്വന്തമായി ശ്രമിക്കുന്നുമില്ലെന്നും നാസയുടെ വക്താവ് റോബ് മാര്‍ഗരറ്റ പറയുന്നു.
ഫ്രാന്‍സും ബ്രിട്ടണും ചേര്‍ന്ന് നിര്‍മ്മിച്ച കോണ്‍കോഡ് വിമാനം 1996 ഫെബ്രുവരിയില്‍ ഇട്ടതാണ് ഇപ്പോഴുള്ള റെക്കോഡ്. ലണ്ടനില്‍ നിന്ന് ന്യൂ യോര്‍ക്കില്‍ എത്താന്‍ കോണ്‍കോഡ് എടുത്തത് 2 മണിക്കൂര്‍ 52 മിനിറ്റ് 59 സെക്കന്‍ഡ് ആണ്. ഈ സമയം നേര്‍പകുതിയാക്കികുറയ്ക്കാനാണ് നാസ ശ്രമിക്കുന്നത്. ഇപ്പോള്‍ പറക്കുന്ന വലിയ വിമാനങ്ങള്‍ ശരാശരി മണിക്കൂറില്‍ 600 മൈല്‍ വേഗം വരെയാണ് ആര്‍ജ്ജിക്കുന്നത്. ഇത്തരം വിമാനങ്ങള്‍ക്ക് ലണ്ടനും ന്യൂയോര്‍ക്കിനും ഇടയിലുള്ള 3461 മൈല്‍ ദൂരം താണ്ടാന്‍ 5 മണിക്കൂറോ അതില്‍ കൂടുതലോ വേണ്ടിവരുന്നു.
റെക്കോഡ് ഇട്ട കോണ്‍കോഡ് 1,354 മൈല്‍ വേഗതയിലാണ് സഞ്ചരിച്ചത്. എന്നാല്‍, 2000 ത്തില്‍ ഒരു കോണ്‍കോഡ് തകര്‍ന്നത് വന്‍ വാര്‍ത്തയാകുകയും, 2003ല്‍ ഇവ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകുകയുമായിരുന്നു. നിലവില്‍ ഒരു വാണിജ്യ വിമാനം എടുക്കുന്നതിന്റെ നാലു മടങ്ങ് വേഗത്തില്‍ പറന്നെത്താനാകുമോ എന്നറിയാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നാസ പറഞ്ഞു.
ഈ വര്‍ഷം നാസയുടെ എക്‌സ്-59 സൂപ്പര്‍സോണിക് ടെസ്റ്റ് എയര്‍ക്രാഫ്റ്റ് പരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നു ലഭിച്ച അറിവും പുതിയ സൂപ്പര്‍സോണിക് എയര്‍ക്രാഫ്റ്റിന്റെ നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തും. വായു തന്മാത്രകള്‍ക്ക് വിമാനത്തിന്റെ വഴിയില്‍നിന്ന് മാറാന്‍ സമയം കിട്ടുന്നതിനേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ് സൂപ്പര്‍സോണിക് എയര്‍ക്രാഫ്റ്റ്.
ഇതുവരെയുള്ള സൂപ്പര്‍സോണിക് വിമാനങ്ങളുടെ പറക്കലില്‍ ഷോക് വേവ് സൃഷ്ടിക്കപ്പെടുന്നതിനാല്‍ അവയുടെ പറക്കലില്‍ പല പരിമിതികളും സൃഷ്ടിക്കുന്നു. അടുത്ത തലമുറയില്‍ ഇവ എങ്ങനെ മറികടക്കാം എന്ന കാര്യത്തെക്കുറിച്ചാണ് നാസയും കൂട്ടുകക്ഷികളും അന്വേഷിക്കുന്നത്. കൂടുതല്‍ കനംകുറഞ്ഞതും അതേസമയം നീളമേറിയതുമായ രീതിയിലുള്ള രൂപകല്‍പ്പന പ്രയോജനപ്പെടുത്തുക എന്നതായിരിക്കും പരിഹാരമാര്‍ഗങ്ങളില്‍ ഒന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല