1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2017

സ്വന്തം ലേഖകന്‍: മുസ്ലിങ്ങളെല്ലാം ദേശവിരുദ്ധരായി സംശയിക്കപ്പെട്ട ഒരു കാലം തന്റെ ഓര്‍മയില്‍ പോലുമില്ലെന്ന് നസറുദ്ദീന്‍ ഷാ. രാജ്യത്തെ നിലവിലെ അവസ്ഥകളെക്കുറിച്ചും സമുദായങ്ങള്‍ക്കിടയിലെ വളരുന്ന സ്പര്‍ദ്ധയെക്കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി എഴുതിയ കുറിപ്പിലാണ് നസ്‌റുദ്ദീന്‍ ഷാ വ്യക്തമാക്കുന്നത്. ഇന്ത്യയും പാകിസ്താനും പരസ്പരം വേദനിപ്പിക്കരുത് എന്ന് പറഞ്ഞാല്‍ താന്‍ ഒരു പാക് അനുകൂലിയാവുന്ന കാലഘട്ടമാണിതെന്നും ഷാ പറയുന്നു.

ഒരു മുസ്ലീമായല്ല താനിപ്പോള്‍ ജീവിക്കുന്നതെങ്കിലും തന്റെ മുസ്ലീം അസ്തിത്വത്തെക്കുറിച്ച് നിരന്തരം ബോധവാനാണെന്ന് നസറുദ്ദീന്‍ ഷാ കുറിപ്പില്‍ പറയുന്നു. മക്കളുടെ മതവിശ്വാസം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ മക്കളെ ജനക്കൂട്ടം തടഞ്ഞുനിര്‍ത്തി മതം ചോദിക്കുന്നത് പോലെയുള്ള പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതായി തോന്നുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

രാജ്യദ്രോഹികളായോ ഭീരുക്കളായോ മുസ്ലിങ്ങള്‍ നിരന്തരം ചിത്രീകരിക്കപ്പെടുകയാണ്. ഇസ്ലാമിനെ താറടിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന് ആണവയുദ്ധത്തെക്കുറിച്ചുള്ള ഐന്‍സ്റ്റീന്റെ മുന്നറിയിപ്പ് അടങ്ങിയ ഒന്നിനേക്കാള്‍ ശ്രദ്ധ കിട്ടുന്നത് പേടിപ്പെടുത്തുന്നു. പാകിസ്താനാണ് ആശ്രയം എന്ന് കരുതുന്ന മുസ്ലിങ്ങളുണ്ട് എന്നത് നിഷേധിക്കാനാവില്ല. പക്ഷെ ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവരുടെ എണ്ണം എത്രയോ വലുതാണ്. തങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ അവര്‍ രോക്ഷാകുലരാണ്.

പല സംസ്ഥാനങ്ങളിളും കഷ്ടിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍തിരിച്ചറിയാനാവാത്ത വിധം ഒന്നിച്ച് ജീവിച്ചിരുന്നവരാണ് ഹിന്ദുക്കളും മുസ്ലിങ്ങളും. പക്ഷേ സംഘം ചേരാനായി കാത്തിരുന്ന പോലെ, ഇപ്പോള്‍ കൂടുതല്‍ കാവി കൊടികളും തിലകക്കുറികളും ഹിജാബുകളും തൊപ്പികളും കാണാം. ഇതിനുമുമ്പ് എന്റെ അറിവില്‍ ഒരിക്കലും നമ്മുടെ രാജ്യത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് ഇത്രയും സമാധാന അഭ്യര്‍ത്ഥനകളും ആശങ്കകളും ഉയര്‍ന്ന് കണ്ടിട്ടില്ല.

‘ഇരകളാക്കുന്നു’ എന്ന ചിന്തയില്‍ നിന്ന് മുസ്ലിം സമൂഹം പുറത്തുവരേണ്ടത് അനിവാര്യമാണെന്നും കാലഹരണപ്പെട്ടതും സ്ത്രീവിരുദ്ധവുമായ പാരമ്പര്യങ്ങളെ വലിച്ചെറിയുന്നത്, വിശ്വാസത്തിന് കൂടുതല്‍ കരുത്ത് നല്‍കാനേ സഹായിക്കുകയുള്ളൂവെന്നും നസറുദ്ദീന്‍ ഷാ കുറിപ്പില്‍ പറയുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ മുസ്ലിം ഭരണധികാരികളുടെ ചെയ്തികള്‍ പറയാന്‍ കാവിപ്പടയ്ക്ക് അധികം ആലോചിക്കേണ്ട കാര്യമില്ല. മുസ്ലിങ്ങളെ രണ്ടാംനിര പൗരന്മാരായി വിധിക്കാന്‍ പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍ വാദങ്ങളെ വീണ്ടും അവതരിപ്പിക്കേണ്ട കാര്യമേ അവര്‍ക്കുള്ളൂ.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ മുന്‍തലമുറക്കാര്‍ എന്ന് പറയപ്പെടുന്നവര്‍ ചെയ്ത തെറ്റുകള്‍ക്ക്, തദ്ദേശീയരായ മുസ്ലിങ്ങള്‍ പരിഹാരം ചെയ്യണം എന്നാണ് അവരുടെ പക്ഷം. മറ്റെന്നത്തേക്കാളും ഇസ്ലാം പരിഷ്‌കരിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നും നസറുദ്ദീന്‍ ഷാ നിരീക്ഷിക്കുന്നു. ‘മതത്തിന്റെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവരെ പുറത്തേക്കെറിഞ്ഞ്, ഖുറാന്‍ പറയുന്നത് മനസിലാക്കി വിശ്വാസത്തെ പുനര്‍നിര്‍വചിക്കേണ്ടത് അനിവാര്യമാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും ഇടനിലക്കാരും സ്വയം പ്രഖ്യാപിത വക്താക്കളുമില്ലാതെ സ്വതന്ത്രരായി സംസാരിക്കണം.

സൂര്യനമസ്‌കാരം നിസ്‌കരിക്കുന്നതിന് തുല്യമാണും യോഗ അനിസ്ലാമികമാണെന്നും പറയുന്ന ഇടുങ്ങിയ ചിന്താഗതിക്കാരെ ഒഴിവാക്കണം. ഒരു ക്വിസ് പരിപാടിയുടെ കാര്യം ഓര്‍ക്കുന്നു. സാരേ ജഹാന്‍ സെ അച്ഛാ എന്ന ദേശഭക്തി ഗാനം എഴുതിയത് ആരാണെന്ന് ഒരു മത്സരാര്‍ഥി പോലും അതില്‍ ശരിയുത്തരം നല്‍കിയില്ല. ഒരു മുസ്ലിമാണ് അതെഴുതിയത് എന്നത് കുറച്ചുപേരെയങ്കിലും അത്ഭുതപ്പെടുത്തി. നമ്മള്‍ എത്രമാത്രം വിഭജന ചിന്തകളില്‍ പെട്ടിരിക്കുന്നു എന്നതിന്റെ നിരാശാജനകമായ സൂചനയാണിത്,’ നസറുദ്ദീന്‍ ഷാ പറഞ്ഞ് അവസാനിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.