നാറ്റ് വെസ്റ്റ് ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശ്യംഖലയിലുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി ഈ ഞയറാഴ്ചയും ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതാണന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ലക്ഷക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ടുകളാണ് സാങ്കേതിക പ്രശ്‌നം കാരണം മരവിച്ചത്. ഇടപാടുകള്‍ നടത്തിയശേഷം അക്കൗണ്ടുകള്‍ അപ്പ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തതാണ് ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നം. റോയല്‍ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡിനേയും അള്‍സ്റ്റര്‍ ബാങ്കിനേയും സമാനമായ പ്രശ്‌നം ബാധിച്ചിട്ടുണ്ട്.
എന്നാല്‍ ഇടപാടുകള്‍ നടത്തിയവരുടെ പണം അക്കൗണ്ടില്‍ തന്നെയുണ്ടെന്നും അപ്പ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ ഇടപാടുകാര്‍ക്ക് ലഭ്യമാകാത്തതാണ് പ്രശ്‌നമെന്നും റോയല്‍ ബാങ്കിന്റെ വക്താവ് അറിയിച്ചു. അക്കൗണ്ട് വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണന്നും അവര്‍ അറിയിച്ചു. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണമെടുക്കാനാകാത്തതിനാല്‍ പലര്‍ക്കും ബില്ലുകളും വായ്പാ തിരിച്ചടവും കാലാവധിക്കുളളില്‍ അടയ്ക്കാന്‍ സാധിക്കാതെ പോകും. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഫൈനടയ്‌ക്കേണ്ടി വരുമെന്നാണ് പല ഉപഭോക്താക്കളുടേയും പരാതി. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നവും ബാങ്കിന്റെ ഇടപാടുകാര്‍ക്ക് നേരിടേണ്ടി വരില്ലെന്നും അത്തരത്തില്‍ പിഴ ഒടുക്കേണ്ടി വരുന്നവര്‍ തങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്നും ബാങ്കിന്റെ വക്താവ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബാങ്കുകളുടെ കമ്പ്യൂട്ടര്‍ ശൃഖംലകളെ തകരാറിലാക്കിയ സാങ്കേതിക പ്രശ്‌നം ഉടലെടുക്കുന്നത്. എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിച്ചാല്‍ പോലും കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ തിങ്കളാഴ്ച എങ്കിലുമാകുമെന്നാണ് ആര്‍ബിഎസിന്റെ വക്താവ് അറിയിച്ചത്. പ്രശ്‌നം പരിഹരിക്കാനായി ബാങ്കുകളുടെ സാങ്കേതിക വിദഗ്ദ്ധര്‍ ഇരുപത്തിനാല് മണിക്കൂറും ശ്രമിച്ചുകൊണ്ടിരിക്കുകയാണന്ന് ആര്‍ബിഎസ് വൃത്തങ്ങള്‍ അറിയിച്ചു.
നാറ്റ് വെസ്റ്റ് ബാങ്കിന് 7.5 മില്യണ്‍ വ്യക്തിഗത അക്കൗണ്ടുകളാണ് ഉളളത്. എന്നാല്‍ ഇതില്‍ എത്രപേരുടെ അക്കൗണ്ടുകളെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നോ എപ്പോള്‍ ഇവരുടെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാകുമെന്നോ പറയാനാകില്ലെന്ന് ബാങ്കിന്റെ പ്രതിനിധി അറിയിച്ചു. അള്‍സ്റ്റര്‍ ബാങ്കിന്റെ ഒരുലക്ഷത്തോളം ഇടപാടുകാരെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ആര്‍ബിഎസിന്റെ എത്ര ഇടപാടുകാരെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്ന് അറിയില്ലെങ്കിലും പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണന്നാണ് ബാങ്കിന്റെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല