സ്വന്തം ലേഖകന്‍: സിനിമാ തിയറ്ററില്‍ ദേശിയ ഗാനമിട്ടപ്പോള്‍ എഴുന്നേറ്റില്ല, ഗോവയില്‍ വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ക്രൂരമര്‍ദ്ദനം. കവിയും എഴുത്തുകാരനുമായ സലീല്‍ ചതുര്‍വേദിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിയറ്ററിലുണ്ടായിരുന്ന ദമ്പതികളാണ് സലീല്‍ ചതുര്‍വേദിക്കെതിരെ ആക്രോശിക്കുകയും മര്‍ദിക്കുകയും ചെയ്തത്.
ആക്രമണം മാനസികമായും ശാരീരികമായും വേദനിപ്പിച്ചതായി സലീല്‍ ചതുര്‍വേദി പറഞ്ഞു. തനിക്ക് പറ്റുമായിരുന്നെങ്കില്‍ പോലും എഴുന്നേല്‍ക്കില്ലായിരുന്നുവെന്ന് സലീല്‍ പറഞ്ഞു. കാരണം തന്നെ ബലം പ്രയോഗിച്ചാണ് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചത്. തന്റെ പിതാവ് ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നയാളാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വീല്‍ ചെയര്‍ ടെന്നീസില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ച വ്യക്തിയാണ് താനെന്നും സലീല്‍ പറഞ്ഞു.
അതേ സമയം സംഭവം വിവാദമാകുമെന്ന് കരുതി സിനിമ കഴിയുന്നതിന്റെ മുമ്പ് അക്രമികള്‍ തിയറ്ററില്‍ നിന്ന് മുങ്ങുകയായിരുന്നു. കുട്ടികളുടെ ടെലിവിഷന്‍ പരിപാടികളിലൂടെയടക്കം പ്രശസ്തനായ വ്യക്തിയാണ് സലീല്‍ചതുര്‍വേദി. സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ചൊല്ലുന്നത് സംബന്ധിച്ചുള്ള വിഷയം കോടതി പരിഗണനയിലിരിക്കെയാണ് പുതിയ അക്രമ സംഭവം.
നേരത്തെ മുംബൈയില്‍ സമാനമായ സംഭവത്തില്‍ ഒരു മുസ്‌ലിം കുടുംബത്തെ മുംബൈയിലെ തിയറ്ററില്‍ നിന്ന് ഇറക്കിവിട്ടത് വിവാദമായിരുന്നു. സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നതിനെ പറ്റി കഴിഞ്ഞ ദിവസമാണ് ദല്‍ഹി ഹൈകോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല