സ്വന്തം ലേഖകന്‍: ദേശീയഗാനം തെറ്റായി ആലപിച്ചു, ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ കേസ്. ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സണ്ണിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രൊ കബഡി ലീഗിന്റെ ഉദ്ഘാടന പരിപാടിയ്ക്കിടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യയുടെ ദേശീയഗാനം തെറ്റായി ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി തെറ്റായാണ് ഉച്ഛരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഡല്‍ഹി നിവാസിയായ ഉല്ലാസ് എന്നയാളാണ് പരാതി നല്‍കിയത്. നടിയുടെ അമേരിക്കന്‍ ഉച്ചാരണം ദേശീയഗാനത്തെ വികൃതമാക്കിയതായി ഉല്ലാസ് ആരോപിക്കുന്നു. സണ്ണി ശരിക്കും ഗാനം ഉരുവിട്ട് പഠിച്ചിരുന്നെങ്കില്‍ ഈ അബദ്ധം സംഭവിക്കില്ലായിരുന്നെന്നും പരാതിക്കാരന്‍ അഭിപ്രായപ്പെട്ടു. സണ്ണിയെപ്പോലുള്ള ഒരു താരം ഇത്തരം അബദ്ധങ്ങള്‍ കാണിക്കുന്നത് ആരാധകരെ നഷ്ടപ്പെടുത്തുമെന്നും ഉല്ലാസ് ചൂണ്ടിക്കാട്ടി.
എന്നാല്‍, ദേശീയഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് സണ്ണി ലിയോണ്‍ പ്രതികരിച്ചു. നിരവധി തവണ പരിശീലിച്ച ശേഷമാണ് താന്‍ വേദിയില്‍ കയറിയതെന്നും ദേശീയഗാനം ആലപിക്കുന്ന സമയം തനിക്ക് നല്ല പരിഭ്രമം ഉണ്ടായിരുന്നുവെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല