സ്വന്തം ലേഖകൻ: ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന് ആഘോഷിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു. സ്ഥാനാരോഹണ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1744 മുതൽ ഇമാം സയ്യിദ് അഹമ്മദ് ബിൻ സയ്യിദ് അൽ ബുസൈദിയുടെ കൈകളാൽ ഈ രാജ്യത്തെ സേവിക്കാൻ അൽ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണിതെന്ന് സുൽത്താൻ പറഞ്ഞു.
ദേശത്തിന്റെ പരമാധികാരത്തിനും പൗരൻമാരുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി പോരാടുകയും വലിയ ത്യാഗങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് പ്രയോജനം ലഭിക്കുന്ന 178 ദശലക്ഷം റിയാലിന്റെ ഗ്രാൻഡ് സുൽത്താൻ പ്രഖ്യാപിച്ചു.
1,700ൽ അധികം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ഭവന സഹായ പദ്ധതിക്കുള്ള സാമ്പത്തിക വിഹിതം 15 ദശലക്ഷം റിയാലാക്കി ഉയർത്തുകയും ചെയ്തു. ഈ വർഷവും സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുന്നത് തുടരും. ഇതോടൊപ്പം 2025ൽ പൗരൻമാർക്ക് സാമൂഹിക, ഇൻഷുറൻസ് വ്യാപിപ്പിക്കും. 350 റിയാലിൽ താഴെ പെൻഷൻ ഉള്ളവർക്ക് തുക വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ബന്ധപ്പെട്ട അധികാരികൾ പ്രഖ്യാപിച്ച ചട്ടങ്ങൾ അനുസരിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് എല്ലാ ഗവർണറേറ്റുകളിലും വിവാഹ ഫണ്ടുകൾ സ്ഥാപിക്കുമെന്നും സുൽത്താൻ പ്രഖ്യാപിച്ചു. ഇതിനായി ഓരോ ഗവർണറേറ്റുകളിലേക്കും ഒരു ദശലക്ഷം റിയാൽ വീതം ആകെ 11 ദശലക്ഷം റിയാൽ നീക്കിവെക്കുമെന്നും സുൽത്താൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല