സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, അമിതാഭ് ബച്ചന്‍ മികച്ച നടന്‍, കങ്കണ റണാവത്ത് മികച്ച നടി, മികച്ച ചിത്രം ബാഹുബലി. ബജ്‌റാവോ മസ്താനി ഒരുക്കിയ സഞ്ജയ് ലീലാ ബന്‍സാലിയാണു മികച്ച സംവിധായകന്‍. ഹിന്ദി ചിത്രമായ പിക്കുവിലെ പ്രകടനം അമിതാഭ് ബച്ചനെ മികച്ച നടനാക്കിയപ്പോള്‍ തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ ഇരട്ട വേഷങ്ങള്‍ കങ്കണ റണാവത്തിന് കികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിക്കൊടുത്തു.
മലയാളത്തിന് പൊതുവെ നിരാശയാണ് അവാര്‍ഡ് പ്രഖ്യാപനം സമ്മാനിച്ചതെങ്കിലും എന്നു നിന്റെ മൊയ്തീനിലെ ‘കാത്തിരുന്നു കാത്തിരുന്നു’ എന്ന ഗാനത്തിലൂടെ എം. ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി. സലിം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘പത്തേമാരി’യാണ് മികച്ച മലയാള ചിത്രം. ‘സു സു സുധി വാല്‍മീക’ത്തിലെയും ‘ലുക്കാ ചുപ്പി’യിലെയും അഭിനയത്തിന് ജയസൂര്യ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.
ബെന്നിലെ അഭിനയത്തിന് ഗൗരവ് മേനോന്‍ മികച്ച ബാലതാരമായി. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘നിര്‍ണായകം’ മികച്ച സാമൂഹിക പ്രതിബന്ധതയുള്ള ചിത്രവും ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികള്‍’ മികച്ച പരിസ്ഥിതി ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു. വിനോദ് മങ്കര സംവിധാനം ചെയ്ത ‘പ്രിയമാനസ’മാണ് മികച്ച സംസ്‌കൃത ചിത്രം.
ക്രിസ്‌റ്റോ ടോമി(മികച്ച ഹ്രസ്വചിത്രം), നീലന്‍ (മികച്ച ഡോക്യുമെന്ററിൂ, പ്രഫ. അലിയാര്‍(വിവരണം) എന്നിവരാണ് ഫീച്ചര്‍ ഇതര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് പുരസ്‌കാരം നേടിയവര്‍.
ഹിന്ദിസിനിമയായ ബജ്‌റംഗി ഭായിജാനാണ് മികച്ച ജനപ്രിയ ചിത്രം. ദം ലഗാകെ ഹായിഷയാണ് മികച്ച ഹിന്ദി ചിത്രം. വെട്രിമാരന്റെ വിസാരണൈ മികച്ച തമിഴ് ചിത്രമായി. മികച്ച നവാഗത സംവിധായകനായി മാസാന്‍ സംവിധാനം ചെയ്ത നീരജ് ഗെയ്‌വാന്‍ തിരഞ്ഞെടുക്കപ്പെട്ടു. തുരന്തോ മികച്ച കുട്ടികളുടെ ചിത്രമായി.
ഹിന്ദിയിലെ മുതിര്‍ന്ന സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. കേരളത്തില്‍നിന്ന് ശ്യാമപ്രസാദും മഹാരാഷ്ട്രയില്‍നിന്ന് ജോണ്‍ മാത്യു മാത്തനുമടക്കം രണ്ടു മലയാളികള്‍ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല