സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു, മലയാളത്തനിമയില്‍ സുരഭി, പ്രൗഡിയോടെ മോഹന്‍ലാല്‍, ചിത്രങ്ങളും വീഡിയോയും കാണാം. അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിച്ചപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സുരഭി ലക്ഷ്മിയും മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറും പ്രസിഡന്റ് പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി. മഹേഷിന്റെ പുരസ്‌കാരത്തിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരനാണ് മികച്ച തിരക്കഥാകൃത്ത്.
മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള സിനിമ. ജനതാ ഗാരേജ്, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് മോഹന്‍ലാല്‍ പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. റുസ്തം എന്ന ചിത്രത്തിലെ അഭിനയമാണ് അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് സുരഭി തന്റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയത്.
കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് എന്നിവരും അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുത്തു. മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന്‍, നിര്‍മാതാവ് ആഷിഖ് അബു, ആദിഷ് പ്രവീണ്‍ (ബാലതാരം), ശ്യാം പുഷ്‌കരന്‍ (തിരക്കഥ), ജയദേവന്‍ (ശബ്ദലേഖനം), പീറ്റര്‍ ഹെയ്ന്‍ (സംഘട്ടനം), സൗമ്യ സദാനന്ദന്‍, ഏബ്രഹാം ജോര്‍ജ് (ഹ്രസ്വചിത്രം) തുടങ്ങിയവരും അവാര്‍ഡ് ഏറ്റുവാങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല