ഇന്ത്യയുടെ കായിക യുവത്വത്തെ സാക്ഷി നിർത്തി കേരളം 35 മത് ദേശീയ ഗെയിംസിന് വർണാഭമായ തുടക്കം കുറിച്ചു. ഇനിയുള്ള പതിനാലു ദിവസങ്ങൾ ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പുതിയ ഉയരങ്ങൾക്കായി മാറ്റുരക്കും.
കരസേനയുടെ ബാൻഡ് മേളത്തോടെയാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും തായമ്പക അവതരിപ്പിച്ചു.
തുടർന്ന് ടീമുകളുടെ മാർച്ച് പാസ്റ്റ് നയിച്ചുകൊണ്ട് നിലവിലെ ജേതാക്കളായ സർവീസസ് എത്തി. ഏറ്റവും ഒടുവിലായി ജൂബയും മുണ്ടും ധരിച്ച് കേരളത്തിന്റെ പുരുഷതാരങ്ങളും സാരി ധരിച്ച് വനിതാ താരങ്ങളും എത്തി.
കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്തതോടെ ആകാശത്ത് കരിമരുന്നുകൾ വർണ വിസ്മയമായി. തുടർന്ന് കേരളത്തിന്റെ മുൻകാല താരങ്ങൾ കൈമാറി എത്തിച്ച ദീപശിഖ ഒളിമ്പ്യൻ കെ. എം. ബീനാമോൾ ദേശീയ ഗെയിംസ് ബ്രാൻഡ് അംബാസിഡർ സച്ചിൻ ടെൻഡുൽക്കർക്ക് കൈമാറി. സച്ചിനിൽനിന്നും ദീപശിഖ ഏറ്റുവാങ്ങിയ പി. ടി. ഉഷയും അഞ്ജു ബോബി ജോർജ്ജും കളിവിളക്ക് തെളിയിച്ചതോടെ ഗെയിംസിന് തുടക്കമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല