സ്വന്തം ലേഖകന്‍: അമേരിക്കയിലെ നാഷണല്‍ ജ്യോഗ്രഫിക് ബീ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി വിദ്യാര്‍ഥി ജേതാവായി. ഫ്‌ളോറിഡ നിവാസിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഋഷി നായര്‍ (12) ആണ് അപൂര്‍വ ബഹുമതിക്ക് അര്‍ഹനായത്. വാഷിംഗ്ടണിലെ നാഷണല്‍ ജ്യോഗ്രാഫിക് ആസ്ഥാനത്ത് നടത്തുന്ന 28 മത്തെ വാര്‍ഷിക മത്സരത്തിലാണ് ഋഷി നായര്‍ വിജയിയായത്.
ഋഷിക്ക് 50,000 യു.എസ ഡോളര്‍ കോളജ് സ്‌കോളര്‍ഷിപ്പും നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റിയില്‍ ആജീവനാന്ത അംഗത്വവും ലഭിക്കും. വൂള്‍ഫ് ഐലന്റില്‍ സ്രാവുകളുടെയും മറ്റ് വന്യജീവികളുടെയും സംരക്ഷണത്തിനായി കടലിലുണ്ടാക്കിയ പുതിയ സംരക്ഷണ കേന്ദ്രം ഏതാണെന്ന ചോദ്യമാണ് ഋഷിയെ വിജയത്തിലേക്ക് നയിച്ചത്.
‘ഗ്യാലപൊഗോസ് ഐലന്റ്‌സ്’ എന്നതായിരുന്നു ശരിയുത്തരം.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇന്ത്യന്‍ വംശജര്‍ ഈ ബഹുമതി നേടുന്നത്. ഫ്‌ളോറിഡയില്‍ നിന്ന് പുരസ്‌കാരം നേടുന്ന രണ്ടാമന്‍ കൂടിയാണ് ഋഷി. 2010ല്‍ പാല്‍ ഹാര്‍ബര്‍ സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യ മൂര്‍ത്തിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.
മസാച്യുസെറ്റ് സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ സാകേത് ജോന്നാലഗദ്ദ (14)യാണ് റണ്ണറപ്പ്. ഇദ്ദേഹത്തിന് 25,000 ഡോളര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. അലബാമ സ്വദേശിയായ ആറാം ക്ലാസുകാരന്‍ കപില്‍ നാഥന്‍ (12) ആണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇദ്ദേഹത്തിന് 10,000 ഡോളര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും.
അവസാന പത്തില്‍ എത്തിയവരില്‍ ഏഴു പേരും ഇന്ത്യന്‍ വംശജരാണെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനമായി 500 ഡോളര്‍ വീതം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല