1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2024

സ്വന്തം ലേഖകൻ: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ കാലതാമസം വരുത്തുന്ന വ്യക്തികള്‍ക്ക് 100 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഐഡി കാര്‍ഡുകളുടെ സമയബന്ധിതമായ പുതുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതുക്കിയ രേഖകള്‍ നഷ്ടപ്പെട്ടുപോവാതെ പരിപാലിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.

‘അബ്ശിര്‍’ പ്ലാറ്റ്ഫോം വഴിയാണ് ദേശീയ ഐഡി പുതുക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഐഡി കാര്‍ഡ് പുതുക്കുന്നത് എങ്ങനെയെന്നത് ഉള്‍പ്പെടെ അതിന്റെ വിവിധ ഘട്ടങ്ങളും വിശദാംശങ്ങളും അബ്ശിര്‍ ആപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ‘എക്‌സ്’ പ്ലാറ്റ്ഫോമിലെ അന്വേഷണത്തിന് മറുപടിയായാണ് ദേശീയ ഐഡി പുതുക്കുന്നതിലെ കാലതാമസത്തിന് പിഴ ഈടാക്കുന്ന കാര്യം സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചത്.

അതേസമയം, കാര്‍ഡ് നഷ്ടമായ ശേഷം ഒരു റീപ്ലേസ്മെന്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആദ്യ സംഭവമാണെങ്കില്‍ പിഴ ചുമത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. അതിനിടെ, ലൈസന്‍സില്ലാതെ വനങ്ങളിലോ ദേശീയ പാര്‍ക്കുകളിലോ ക്യാമ്പ് ചെയ്താല്‍ അവര്‍ക്കെതിരേ 3000 റിയാല്‍ പിഴ ചുമത്തുമെന്ന് പരിസ്ഥിതി സുരക്ഷയ്ക്കായുള്ള പ്രത്യേക സേന അറിയിച്ചു.

അടുത്തിടെ, അനധികൃത ക്യാമ്പിംഗിലൂടെ പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിച്ചതിന് അസിര്‍ മേഖലയില്‍ ചിലരെ പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 2,000 റിയാല്‍ വരെ പിഴ ഈടാക്കും. എന്തെങ്കിലും നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ ഉത്തരവാദികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പരിസ്ഥിതി, വന്യജീവി ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിക്കുച്ചു. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ സംഭവങ്ങള്‍ക്ക് ആളുകള്‍ക്ക് വിളിക്കാം 911 എന്ന നമ്പറിലേക്കും മറ്റ് പ്രദേശങ്ങളില്‍, 999, 996 എന്നീ നമ്പറുകളിലേക്കും വിളിക്കാം.

നാഷനല്‍ പാര്‍ക്കുകളിലെ നിയുക്ത പ്രദേശങ്ങള്‍ക്ക് പുറത്ത് ഭക്ഷണം പാകം ചെയ്യാനോ ചൂട് കായാനോ കാംപ് ഫയര്‍ ഒരുക്കാനോ മറ്റോ തീയിടുകയോ അതിനായി അനധികൃത രീതികള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ അവരില്‍ നിന്ന് 3,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ആന്‍ഡ് കോംബാറ്റിംഗ് ഡെസര്‍ട്ടിഫിക്കേഷന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.