ദേശീയ ലോട്ടറി പറയുന്നത് ഇത് നിങ്ങളുടേതാണെന്നാണ്. ഏതായാലും 229 പേരെ സംബന്ധിച്ചെങ്കിലും അത് ശരിയാണ്. കാരണം ഇക്കഴിഞ്ഞ വര്‍ഷം ദേശീയ ലോട്ടറി വഴി ലക്ഷാധിപതികളായത് 229 പേരാണ്. ദേശീയ ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ലക്ഷാധിപതികളെ സൃഷ്ടിച്ചതും ഈ വര്‍ഷമാണ്. തങ്ങളിലൂടെ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്ക് ഇത് ഒരു അസാധാരണമായ വര്‍ഷമായിരുന്നെന്ന് ഒരു ദേശീയ ലോട്ടറി വക്താവ് അറിയിച്ചു.
ലോട്ടറിയടിച്ചവരുടെ എണ്ണം ഇത്രയായിരുന്നെങ്കിലും അവരില്‍ പലരിലൂടെയും ധനികരായവരുടെ എണ്ണം ഇതിലുമധികമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010ല്‍ 158 പേര്‍ക്കാണ് ലോട്ടറി ലഭിച്ചത്. അതായത് ഈ വര്‍ഷം 71 പേരെ അധികമായി ഭാഗ്യദേവത കടാക്ഷിച്ചു. ഇതില്‍ ഏറ്റവുമധികം തുക ലോട്ടറിയടിച്ചത് എയ്ഷറിലെ ലാര്‍ഗ്‌സിലുള്ള കോളിന്‍, ക്രിസ് വെയര്‍ ദമ്പതികള്‍ക്കാണ്. 16.1 കോടി പൗണ്ടാണ് ഇവര്‍ക്ക് ലോട്ടറിയില്‍ ലഭിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് വെയര്‍ ദമ്പതികളെ തേടി ഭാഗ്യമെത്തിയത്.
ഒക്ടോബറില്‍ ലോട്ടറിയടിച്ച ഡേവ്, എയ്ഞ്ചല ഡേവ്‌സ് ദമ്പതികള്‍ക്കാണ് രണ്ടാമത്തെ വലിയ തുക ലഭിച്ചത്. 10.1 കോടി പൗണ്ടായിരുന്നു സമ്മാനമായി ലഭിച്ചത്. മാര്‍ച്ചില്‍ ലോട്ടറിയടിച്ച ഈസ്റ്റ് സസക്‌സിലെ ബാറ്റിലില്‍ നിന്നുള്ള മാറ്റ് ബ്രീച്ചിന് 1.77 കോടി പൗണ്ട് ലഭിച്ചു. ഹൈഡിലെ അസ്ദയില്‍ നിന്നുള്ള പതിനാറ് കടജീവനക്കാരുടെ കൂട്ടായ്മയ്ക്ക് ഒക്ടോബറില്‍ 68 ലക്ഷം പൗണ്ടാണ് ലഭിച്ചത്.
ജൂണിലാണ് ഏറ്റവുമധികം പേര്‍ക്ക് ലോട്ടറിയടിച്ചത്. ഈ മാസം 37 പേര്‍ക്ക് പത്ത് ലക്ഷത്തിലേറെ പൗണ്ട് വീതം ലോട്ടറി സമ്മാനമായി ലഭിച്ചു. ജൂലൈയിലാണ് ഏറ്റവുമധികം തുക സമ്മാനമായി നല്‍കിയത്. മൊത്തം 23 കോടി പൗണ്ടാണ് ഈ മാസം സമ്മാനമായി നല്‍കിയത്. ബില്‍ഡര്‍മാരും ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരുമാണ് ഈ വര്‍ഷം അവസാനം ലോട്ടറിയിലൂടെ സമ്പന്നരായവരില്‍ അധികവുമെന്ന് പഠനം തെളിയിക്കുന്നു.
ഏപ്രില്‍ പത്തിനും മെയ് 20നുമിടയില്‍ ജനിച്ച ലോട്ടസ് സൂര്യരാശിയില്‍പ്പെട്ടവരെയാണ് ഈ വര്‍ഷം ഏറ്റവുമധികം ഭാഗ്യം തേടിയെത്തിയത്. ഈ വര്‍ഷത്തെ ഭാഗ്യശാലികളില്‍ അറുപത് ശതമാനവും പുരുഷന്മാരാണ്. 1994ല്‍ ആരംഭിച്ച ശേഷം 2750ലേറെ പേരെയാണ് ദേശീയ ലോട്ടറി ലക്ഷപ്രഭുക്കളാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല